ഒരു വര്‍ഷത്തില്‍ ഉറങ്ങുന്നത് 300 ദിവസം: അപൂര്‍വ രോഗം ബാധിച്ച് 42 കാരന്‍

India News

രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശിയായ പുര്‍ഖരം സിങ് ഒരു വര്‍ഷത്തില്‍ ഉറങ്ങുന്നത് 300 ദിവസമാണ്. അദ്ദേഹം ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കുക 25 ദിവസങ്ങള്‍ക്ക് ശേഷമാണ്. ആക്‌സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ രോഗബാധിതനാണ് ഈ 42 കാരന്‍.

അസുഖത്തിന്റെ ആദ്യ നാളുകളില്‍ 18 മണിക്കൂര്‍ സമയമാണ് ഉറങ്ങിയിരുന്നത്. 2015 ന് ശേഷമാണ് അസുഖം കൂടിയത്. ഉറങ്ങിക്കഴിഞ്ഞാല്‍ വീട്ടുകാര്‍ എത്ര വിളിച്ചിട്ടും ഉണരാതെയായി. ഇതോടെ ഉറക്കത്തിനിടയില്‍ തന്നെ ഭക്ഷണം കൊടുക്കാനും തുടങ്ങുകയായിരുന്നു എന്ന് പുര്‍ഖരം സിങ്ങിന്റെ അമ്മ കന്‍വാരി ദേവിയും ഭാര്യ ലക്ഷമി ദേവിയും പറയുന്നു.

പലചരക്ക് കട ഉടമയായിരുന്നു പുര്‍ഖരം സിങ്. ഉറക്കം കാരണം ഇപ്പോള്‍ കടതുറക്കാന്‍ പറ്റാതെയായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തുന്നത്.