യുവ മലയാളി പ്രൊഫസറുടെ പുസ്തകം ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചു

Feature International Local News

വളാഞ്ചേരി: യുവ മലയാളി പ്രൊഫസറുടെ പുസ്തകം ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചു. എം.ഇ.എസ്. കേവീയം കോളേജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.കെ.മുഹമ്മദ് റിയാസിന്റെ പുസ്തകം ഈജിപ്തിലെ പ്രസിദ്ധ പബ്ലിഷിംഗ് ബ്യൂറോ ദീവാനുൽ അറബ് പ്രസിദ്ധീകരിച്ചു.
ഈജിപ്തിന്റെ മുൻ സാംസ്കാരിക മന്ത്രിയും പ്രമുഖ എഴുത്തുകാരനുമായ യൂസുഫ് അസ്സിബാഇയുടെ നോവലുകളിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് പുസ്തകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ മൊറോക്കൻ സാഹിത്യകാരി അംന അൽ ബറദാവിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്.

ലോകത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യകാരൻമാരും പങ്കെടുക്കുന്ന ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. കാലിക്കറ്റ് സർവകാലാശാലക്ക് കീഴിലെ മമ്പാട് എം.ഇ.എസ് കോളേജിലെ ഗവേഷണ മാർഗ്ഗദർശിയായും പ്രവർത്തിച്ച് വരുന്നു.
രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി പ്രസിദ്ധീകരിക്കുന്ന അറബി, ഇംഗ്ലീഷ്, മലയാളം ജേണലുകളിൽ അദ്ധേഹത്തിന്റെ ധാരാളം റിസർച്ച് ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുകയും സൗദി അറേബ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടന്ന അന്താരാഷ്ട്ര കോൺഫ്രൻസുകളിൽ പങ്കെടുത്ത് പ്രബന്ധാവതരണം നടത്തുകയും ചെയ്തിട്ടുണ്ട്.നിലവിൽ കാലിക്കറ്റ് സർവ്വകാലാശാല ബിരുദ പഠന ബോർഡ് അംഗവും ലബനാനിലെ ബൈറൂത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി ഭാഷ ജനറൽ അസംബ്ലിയിൽ അംഗവുമായിരുന്നു.
അങ്ങാടിപ്പുറം പരിയാപുരം കുന്നുമ്മൽ ഹംസ, പാലോളി മൈമൂന ദമ്പതികളുടെ ഇളയ മകനാണ്. ഹിബ. യു. ഉമ്മർ ഭാര്യയും ദുആ മെഹ് നൂർ, ഇൽ ഹാം ഫാദി എന്നിവർ മക്കളുമാണ്.