എ.പി.അനില്‍കുമാറിന് പണികൊടുക്കാന്‍ തീരുമാനിച്ച് ഐ ഗ്രൂപ്പ്

Breaking News Politics

മലപ്പുറം: അനില്‍കുമാര്‍ എം.എല്‍.എക്കെതിരെ മലപ്പുറത്തെ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയില്‍ ഐ ഗ്രൂപ്പ് വിരോധത്തെ തുടര്‍ന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഇടപെട്ട് കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റി. രമേശ് ചെന്നിത്തലയും, ജോസഫ് വാഴക്കനും ഇടപെട്ട് നടപടി മരവിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നു മലപ്പുറത്തുണ്ടായ ഗ്രൂപ്പുതര്‍ക്കത്തിനിടയിലാണ് ഈമാസം എട്ടിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു മുന്നില്‍നടക്കുന്ന ധര്‍ണ ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം ജില്ലയിലെ ഐ.ഗ്രൂപ്പ് നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ പി.ടി. അജയ്‌മോഹനെ വള്ളിക്കുന്ന് കെ.എസ്.യു.നിയോജക മണ്ഡലം കമ്മിറ്റി ക്ഷണിച്ചത്.


ഇതോടെ അനില്‍കുമാര്‍ പക്ഷത്തുനില്‍ക്കുന്ന കെ.എസ്.യു.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.അഫ്താബിന്റെ നേതൃത്വത്തിലാണ് ഇടപെടല്‍ നടന്നതെന്നും പിന്നില്‍ അനില്‍കുമാറാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അനില്‍കുമാര്‍ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സ്വാധീനിച്ചാണ് കെ.എസ്.യു വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിമേഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്. പകരം പി.എം.സുദേവിനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പാണ് കെ.എസ്.യൂ.സംസ്ഥാന ജറല്‍ സെക്രട്ടറി സുബിന്‍മാത്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂരിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗ്രൂപ്പ് വിരോധമാണെന്നും, സംഘടനാ മര്യാദപാലിക്കാത്ത നടപടി മരവിപ്പിക്കണമെന്നും രമേശ്‌ചെന്നിത്തലയും, ജോസഫ് വാഴക്കനും കെ.എസ്.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍മാത്യൂവിനെ ഫോണില്‍വിളിച്ച് പറഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നടപടി വരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും വന്നു.

പാര്‍ട്ടിവിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളും നടത്താതെ ഇത്തരത്തില്‍ നടപടികളെടുത്തതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് സ്ഥാനവും സമാനമായ രീതിയില്‍ അനില്‍കുമാറും, കെ.സി.വേണുഗോപാലും തന്നിഷ്ടപ്രകാരം തീരുമാനിച്ചതാണെന്ന പരാതിയും നേതാക്കള്‍ക്കുണ്ട്.
നേരത്തെ ഐ.ഗ്രൂപ്പ് കാരനായിരുന്ന അനില്‍കുമാര്‍ ചെന്നിത്തലയെ ചതിച്ചതായി ചൂണ്ടിക്കാട്ടി നേരത്തെ ഐ.ഗ്രൂപ്പ് യോഗത്തില്‍വെച്ച് ഇനി അനില്‍കുമാറുമായി സഹകരിക്കേണ്ടെന്നും ഡി.സി.സി അധ്യക്ഷനാകാന്‍ ശ്രമിച്ച അനില്‍കുമാറിനെ എന്തുവിലകൊടുത്തും ആ സ്ഥാനത്തിരുന്നില്ലെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. മലപ്പുറത്തെ രാഷ്ട്രീയ സാഹചര്യവും പ്രവര്‍ത്തകരുടെ വികാരവും ഉള്‍ക്കൊണ്ടുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി അധ്യക്ഷനാക്കാന്‍ പിന്തുണക്കാനായിരുന്നു ഐ. ഗ്രൂപ്പ് തീരുമാനം. ഇതിനെ ഐ ഗ്രൂപ്പും പിന്തുണച്ചിരുന്നു.

ഇതിനെ അനില്‍കുമാര്‍ ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ സ്വാധീനിച്ചാണ് വി.എസ് ജോയിയെ ഡി.സി.സി അധ്യക്ഷനാക്കിയത്. ഇതിനെതിരെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ വന്‍ അമര്‍ശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തിയ എ.പി.അനില്‍കുമാറിനെതിരെ ശക്തമായ രീതിയില്‍ പ്രതിരോധം തീര്‍ക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളത്.