ക്ലീനര്‍ക്ക് മര്‍ദ്ദനം : സ്വകാര്യ ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തി

Breaking Local News

മഞ്ചേരി : ക്ലീനര്‍ക്ക് മര്‍ദ്ദനം. സ്വകാര്യ ബസ് തൊഴിലാളിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. മഞ്ചേരി – പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന അയമോള്‍ എന്ന സ്വകാര്യ ബസ്സിലെ ക്ലീനര്‍ ആയിരനാഴിപ്പടി യദുകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. രാവിലെ മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസ് കാഞ്ഞമണ്ണയില്‍ വെച്ച് കാറിലിടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം പറഞ്ഞു തീര്‍ന്നുവെങ്കിലും ബസ്സിന്റെ യാത്രാ സമയം തെറ്റിയിരുന്നു. ഇതോടെ ബസ്സിലെ യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിടുകയും ട്രിപ്പ് ഒഴിവാക്കുകയുമായിരുന്നു. ബസ്സിന്റെ റൂട്ട് ബോര്‍ഡ് മാറ്റിയ ശേഷം അടുത്ത ട്രിപ്പ് ആരംഭിക്കുന്നതിനായി പോകുന്നതിനിടെ കടന്നമണ്ണയില്‍ വെച്ച് നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയറ്റണമെന്ന ആവശ്യവുമായി ബസ് തടഞ്ഞു. ബസ് അപകടത്തില്‍പ്പെട്ടതും ട്രിപ്പ് മുടങ്ങിയതുമായ വിവരങ്ങള്‍ നാട്ടുകാരോട് വിശദീകരിക്കുകയും നാട്ടുകാര്‍ക്ക് കാര്യം മനസ്സിലാകുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പ്രദേശവാസിയായ യുവാവ് ഒരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പരിക്കേറ്റ യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മങ്കട പൊലീസില്‍ പരാതി നല്‍കുകയും ഒമ്പതര മണിയോടെ റൂട്ടില്‍ പണിമുടക്ക് ആരംഭിക്കുകയുമായിരുന്നു. ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കാത്ത പക്ഷം പണിമുടക്ക് ജില്ലയില്‍ മൊത്തം വ്യാപിപ്പിക്കുമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി