ചന്ദ്രികയുടെ അക്കൗണ്ടിലെത്തിയ പത്തുകോടിയിൽ ദുരൂഹത; ജലീലിന്റെ മൊഴി സുപ്രധാനമായെന്ന് ഇഡി

Crime Keralam News Politics

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്തു കോടി രൂപയെത്തിയതിൽ ദുരൂഹതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പത്രത്തിന്റെ ആവശ്യത്തിനായെത്തിയ പണമല്ല ഇതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ചന്ദ്രികയിലെ ഇടപാട് സംബന്ധിച്ചുള്ള സുപ്രധാനമായ മൊഴിയാണ് എംഎല്‍എ കെ.ടി ജലീലില്‍ നിന്നും ലഭിച്ചതെന്നും സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം മൊഴി നൽകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ നടത്തിയ കള്ളപ്പണം വെളുപ്പിച്ച കേസ് മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നതെന്നും എആര്‍ നഗര്‍ ബാങ്കിൽ നടന്ന ക്രമക്കേടിൽ ഇപ്പോൾ കേസെടുക്കാൻ തങ്ങൾക്കാവില്ലെന്നും ഇഡി വ്യക്തമാക്കി.

ലീഗ് സ്ഥാപനങ്ങളുടെയും ചന്ദ്രികയുടെയും മറവിൽ പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് കെടി ജലീൽ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകൾ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിൽ നേരിട്ട് പോയി ജലീല്‍ നൽകുകയും ചെയ്‌തിരുന്നു.