ബസ് വ്യവസായം സംരക്ഷിക്കുക: നിലനില്‍പ്പ് സമരം നടത്തി ബസ് ഉടമകള്‍

News

മലപ്പുറം: ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുമ്പിലും കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി പോസ്റ്റ്ഓഫീസിനു മുന്നിലും നില്‍പ്പ് സമരം നടത്തി. മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ സമരം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മഞ്ചേരിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ മൂസ, കോട്ടക്കലില്‍ മലപ്പുറം ജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മുസ്തഫ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

ബസ് വ്യവസായം സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുക, ഒറ്റ ഇരട്ട നമ്പര്‍ ക്രമീകരണം പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കി.മീ മുകളില്‍ സര്‍വിസ് നടത്തുന്ന പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ നില്‍പ്പ് സമരം നടത്തിയത്.

ശേഷം വാക്കിയത് കോയ, ഷാജി റഷീദ്, ബാബുരാജ്, കെ.എം ഷബീര്‍, നിര്‍മല്‍ പാലക്കല്‍, ദിനേശ് കുമാര്‍, സമദ്, അബ്ദുറഹിമാന്‍, ശിവകാരന്‍ മാസ്റ്റര്‍, അബ്ദു വടക്കന്‍, റഷീദ്, കുഞ്ഞിക്ക കൊണ്ടോട്ടി, മാനു നിസാമുദ്ധീന്‍,ഹംസ ഹാജി എന്നിവര്‍ സംസാരിച്ചു.