രാജി വേണ്ട: ജാഗ്രതാ കുറവുമൂലമുണ്ടായ സംഭവം ദുരുദ്ദേശപരമല്ലെന്നു സിപിഎം

Keralam News

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ വിശദീകരണം മുഖ്യമന്ത്രിക്ക് തൃപ്തികരമെന്നു സൂചന. ഇതുകൊണ്ടു തന്നെ ഈ കാര്യത്തിൽ മന്ത്രിയുടെ രാജി ഉണ്ടാവാൻ സാധ്യതയില്ല. പീഡനകേസ് ഒത്തുതീർപ്പാക്കുവാനായി ഇടപെട്ടു എന്നതായിരുന്നു എ.കെ ശശീന്ദ്രന്റെ പേരിലുണ്ടായിരുന്ന ആരോപണം.

ഇതിന്റെ വിശദീകരണത്തിനായി മന്ത്രി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ എത്തുകയായിരുന്നു. വിശദീകരണം കേട്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും രാജിയുടെ ആവശ്യം വന്നില്ലെന്നാണ് വിവരം. സിപിഎമ്മിന്റെ വിലയിരുത്തൽ ദുരുദ്ദേശപരമായി അതിൽ ഒന്നും തന്നെയില്ല ജാഗ്രതക്കുറവ് മാത്രമേയുള്ളൂ എന്നാണ്. മാത്രമല്ല രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രശ്നം നല്ലരീതിയിൽ ഒത്തുതീർപ്പാക്കാനാണ് നോക്കിയതെന്നും ഇരയുടെ പിതാവിനോട് അധികാരസ്വരത്തിലല്ല സംസാരിച്ചതെന്നുമാണ് വിലയിരുത്തിയത്.

കേസ് ഏതു തരത്തിലുള്ളതാണ് എന്ന് ചിന്തിക്കാതെ ഇടപ്പെട്ടു എന്നതിലുപരി മറ്റൊരു പ്രശ്നവും ഇതിലില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. പീഡനക്കേസാണെന്നു അറിഞ്ഞിട്ടല്ല ഇടപെട്ടതെന്നും രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രേഷണം പരിഹരിക്കണം എന്ന ഉദ്ദേശത്തിലാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയോട് എ.കെ. ശശീന്ദ്രൻ പറഞ്ഞത്. ഫോണിൽ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു നേരിട്ടുള്ള കൂടിക്കാഴ്ച്ച.