സ്‌കൂട്ടറില്‍ മുഖം മറച്ചെത്തി നടത്തിയത് പ്രാങ്ക്

Crime Local News

മലപ്പുറം: താനൂര്‍ കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്ക് സമീപം മദ്രസ വിട്ടു വരികയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പറ്റിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നാണ് അയല്‍വാസികളായ പ്രതികളുടെ മൊഴി. കുട്ടികളെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കോര്‍മന്‍ കടപ്പുറം ദഅവ മദ്രസയിലെ വിദ്യാര്‍ത്ഥികളായ ആമ്പിച്ചിന്റെ പുരക്കല്‍ അബ്ബാസിന്റെ പേരമക്കളെയാണ് ടൂവീലറിലെത്തിയ രണ്ടംഗ സംഘം തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. മുഖം മറച്ചെത്തിയ ഇവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി കുട്ടിയെ എടുത്തു വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതും കൂടെയുണ്ടായിരുന്ന കുട്ടികള്‍ എതിര്‍ക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കുട്ടികളുടെ എതിര്‍പ്പും ബഹളം വെക്കലും കാരണം ശ്രമം ഉപേക്ഷിച്ച് സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19), ഫഖീര്‍ ബീച്ച് ബീരാന്‍ കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള ഇവര്‍ തമാശക്ക് വേണ്ടി ചെയ്തതാണെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശക്ക് വേണ്ടി ഇത്തരം പ്രവൃത്തികള്‍ നടത്തുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.