തോക്കു ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ വെടിയേറ്റ് യുവതി മരിച്ചു; കൊലപാതകമെന്ന് പിതാവ്

Crime India News

തോക്കു ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ 25 കാരി രാധിക ഗുപ്തയാണ് ഈ വ്യാഴാഴ്ച മരിച്ചത്.

പ്രത്യക്ഷത്തിൽ അപകടമാണെന്ന് തോന്നുന്നുണ്ടെങ്കിലും ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രാധികയുടെ പിതാവ് രാകേഷ് പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്നാണ് പിതാവ് പറയുന്നത്.

ഈ വർഷം മെയ് മാസത്തിലാണ് രാധികയും ഭർത്താവ് ആകാശ് ഗുപ്തയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആകാശിന്റെ അച്ഛന്റെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നു. യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഈ തോക്ക് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. രാധിക മരിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് ആകാശ് തിരികെ വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത്.

ഇതിനുശേഷമാണ് തോക്കു ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുണ്ട പൊട്ടി മരണം സംഭവിച്ചത്. തോക്കു കണ്ടതുമുതൽ രാധികയ്ക് അമ്പരപ്പ് ഉണ്ടായിരുന്നുവെന്നും, അതിൽ ഉണ്ട നിറച്ച കാര്യം അവൾക്ക് അറിയില്ലായിരുന്നുവെന്ന് ഭർതൃ പിതാവ് രാജേഷ് ഗുപ്ത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു നാലുമണിയോടെ വെടിയൊച്ച കേട്ടാണ് രണ്ടാം നിലയിലേക്ക് പോയതെന്നും ചെന്നപ്പോൾ വെടിയേറ്റ രാധികയെ കാണുകയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും ആ സമയത്ത് ഫോണിലെ സെൽഫി ക്യാമറ ഓൺ ആയിരുന്നെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

മരിക്കുന്നതിന് തൊട്ടുമുൻപ് തോക്കുമായി നിൽക്കുന്ന സെൽഫി രാധിക മൊബൈലിൽ എടുത്തിട്ടുണ്ടെന്നും , കൊലപാതകത്തെ സൂചിപ്പിക്കുന്ന രീതിയിൽ ശരീരത്തിൽ മറ്റു പാടുകളോ മുറിവുകളോ ശരീരത്തിൽ ഇല്ലെന്നും പൊലീസ് പ്രതികരിച്ചിട്ടുണ്ട്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.