ടോക്ക്യോ ഒളിംപിക്‌സ്; പി.വി സിന്ധുവിന് ആദ്യ റൗണ്ടിൽ വിജയം

India News Sports

ടോക്ക്യോ ഒളിംപിക്‌സ് ബാഡ്മിന്റൺ ആദ്യ റൗണ്ടിൽ പി.വി സിന്ധുവിന് മിന്നും വിജയം. ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ നേരിട്ടുള്ള സെറ്റിൽ വെറും 13 മിനുട്ടുകൾക്കുള്ളിൽ തോൽപ്പിച്ചാണ് പിവി സിന്ധു ആദ്യ റൗണ്ടിൽ നേട്ടം കൈവരിച്ചത്.

ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്ന രീതിയിലാണ് സ്‌കോര്‍ നില. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് പിവി സിന്ധു. ഈ പ്രാവശ്യവും ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ ഒന്ന് സിന്ധുവാണ്.

എന്നാൽ ഇന്ത്യ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ഷൂട്ടിങ്ങിൽ കടുത്ത നിരാശയായി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പങ്കെടുത്ത മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനലിലേക്ക് പോലും കടക്കാനായില്ല. ഇരുവരും 12 ഉം 13 ഉം സ്ഥാനമാണ് നേടിയത്.

റോവിംഗ്, പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് എന്നീ ഇനങ്ങളിൽ ഇന്ത്യ സെമിയിലേക്ക് കടന്നു. ലൈറ്റ് വെയ്റ്റ് ഡബിള്‍സിൽ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ് അര്‍ജുന്‍-അരവിന്ദ് സഖ്യം സെമിയിലേക്ക് കടന്നത്.

ടോക്യോ ഒളിമ്ബിക്‌സില്‍ ഇന്ന് 18 ഫൈനലുകളാണ് നടക്കുക. സിമോണ ബൈല്‍സ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങള്‍ ഇന്ന് മത്സരിക്കും. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ മേരി കോം, സാനിയ മിര്‍സ എന്നിവരുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കും. ഹോക്കിയില്‍ ശക്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ ഇന്ന് നേരിടും.ഹോക്കി ടീമിൽ കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്