വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യം

News

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയോടുള്ള എം.സി ജോസഫൈന്റെ പെരുമാറ്റമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. പരിപാടിയിലേക്ക് വിളിച്ച സ്ത്രീയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തന്നെ വളരെ അസഹിസ്ഷുണതയോടെ അവരെ സമീപിച്ച ഇവര്‍ക്ക് അടിസ്ഥാന ഗുണമായ സഹാനുഭൂതി പോലും ഇല്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് പോലീസില്‍ പരാതിപ്പെട്ടിരുന്നോ എന്നു ചോദിക്കുമ്പോള്‍ ഇല്ല എന്ന മറുപടിയാണ് പരാതിക്കാരി നല്‍കുന്നത്. എന്നാല്‍ അനുഭവിച്ചോ എന്ന് ഇതിനു എം.സി ജോസഫൈന്‍ മറുപടി പറഞ്ഞതും വിവാദമായി. ഗാര്‍ഹിക പീഡനമനുഭവിക്കുന്നവരെ സമീപിക്കുമ്പോള്‍ അടിസ്ഥാനപരമായ മാനുഷിക മൂല്യവും നിയമ പരിജ്ഞാനവും ഇല്ലാത്തവരെ വെക്കരുതെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത്ര സെന്‍സിറ്റിവിറ്റിയും വെളിവും ഇല്ലാത്ത വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു.

മുന്‍പും എം.സി ജോസഫൈനെതിരെ നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. പ്രസ്തുത വിഷയത്തില്‍ സി.പി.എം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.