സുഹൃത്തുക്കളോടൊപ്പം പൊന്നാനി കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

Local News

മലപ്പുറം: സുഹൃത്തുക്കളോടൊപ്പം പൊന്നാനി കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുല്‍ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ ഇദ്ധേഹം പൊന്നാനി പഴയ ജങ്കാര്‍ജെട്ടിക്ക് സമീപം കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.ഉടന്‍തന്നെ പോലീസ് ജീപ്പില്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഴ പെയ്തതോടെ വെള്ളം ഒഴുക്കപ്പോകാന്‍ ഇടമില്ലാതായതോടെ വെള്ളത്തില്‍ മുങ്ങി പൊന്നാനിയില്‍ ചമ്രവട്ടം ജങ്ഷന്‍പ്രദേശത്തുകാര്‍ ഏറെ ദുരിതത്തിലാണ്. ജങ്ഷന് സമീപത്തെ പതിനഞ്ചോളം വീടുകളിലേക്ക് വെള്ളം കയറി. ദേശീയപാത നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ മുങ്ങുകയാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍. പല തവണ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള പരിഹാരം മാര്‍ഗ്ഗം ഒരുക്കാതായതോടെ ചൊവ്വാഴ്ച പെയ്ത മഴയില്‍ ചമ്രവട്ടം പരിസരം മുഴുവനായും വെള്ളത്തില്‍ മുങ്ങി. ചമ്രവട്ടം ജങ്ഷനില്‍ കനറാ ബാങ്കിന് പിന്‍വശത്തെ കുടുംബങ്ങളാണ് വെള്ളക്കെട്ട് ദുരിതം നേരിടുന്നത്. വെള്ളം ഒഴുകിപ്പോവാതായതോടെ പ്രദേശത്ത് ജലനിരപ്പ് ഉയരുകയായിരുന്നു.പല വീടുകളിലേക്കും വെള്ളം കയറുകയും, പാചകം പോലും ചെയ്യാനാവാത്ത സ്ഥിതിയിലുമാണ്. കൂടാതെ പൊന്നാനി-എടപ്പാള്‍ സംസ്ഥാന പാതയിലും മുട്ടോളം വെള്ളമുയര്‍ന്നു.വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി ദേശീയപാതയുടെ കാന നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ വെള്ളക്കെട്ട് ദുരിതത്തിനാണ് ഇനിയും അവസാനമില്ലാത്തത്.കാന നിര്‍മ്മാണം ആരംഭിക്കുന്നത് മുമ്പ് തന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പ് നാട്ടുകാര്‍ നല്‍കിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ കാനനിര്‍മ്മിച്ചതാണ് നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്. നഗരസഭയിലെ 6, 7, 8, 9, 20 വാര്‍ഡുകളിലെ മഴവെള്ളം നീലംതോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കല്‍വര്‍ട്ട് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിപ്പോയിരുന്നത്. എന്നാല്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ കല്‍വര്‍ട്ട് അടച്ചു. ദേശീയ പാതയുടെ കാന ഉയര്‍ത്തി നിര്‍മ്മിച്ചതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് പെയ്ത മഴയില്‍ വെള്ളം കെട്ടി നിന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ പാത വിഭാഗം ഡെപ്യൂട്ടി മാനേജര്‍ ശിവ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.