സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Local News

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പാണമ്പിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാണമ്പി കിഴക്കേതിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (16) ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് പാണമ്പി കറത്തേടത്ത് നിഖിലിനു (18) പരിക്കേറ്റു. നിഖിൽ പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് അപകടം. അഭിജിത്ത് സുഹൃത്തിനോടൊപ്പം അമ്മിനിക്കാട്ടു നിന്നു പാണമ്പിയിലേക്കു വരുന്നതിനിടെ കോഴിക്കോട്ടു നിന്നു പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടം. രണ്ടു പേരെ ഉടൻ സമീപത്തെ ഇ എം എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിജിത്തിനെ രക്ഷിക്കാനായില്ല.
പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു അഭിജിത്ത്. അമ്മ: പ്രിയ. സഹോദരങ്ങൾ: പ്രജിത്ത്, വിജിത്ത്. മൃതദേഹം ഇഎംഎസ് സഹകരണ ആശുപത്രി മോർച്ചറിയിലാണ്. പോലീസ് നടപടികൾക്ക് ശേഷം ഇന്നു കുടുംബ ശ്മശാനത്തിൽ സംസ്‌കാരം നടക്കും.