ഇന്തോനേഷ്യൻ യൂണിവേഴ്സിറ്റിയുടെ അതിഥിയായി മലയാളീ യുവഗവേഷകൻ

Education News

മലപ്പുറം :ഇന്തോനേഷ്യയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മലാങിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര ദ്വിദിന വിദ്യാഭ്യാസ സെമിനാറിൽ യുവഗവേഷകനും എഴുത്തുകാരനുമായ ഡോ. കെ. എം.അലാവുദ്ദീൻ പുത്തനഴി പ്രബന്ധമവതരിപ്പിക്കും.
മലാങ് യൂണിവേഴ്സിറ്റിയുടെ പ്രത്യേക ക്ഷണിതാക്കളിലെ ഏക ഇന്ത്യൻ പ്രതിനിധിയാണ് അലാവുദ്ദീൻ.
ഈ മാസം ഏഴ്, എട്ട് തിയ്യതികളിലായി “ഭാഷ.. സംസ്കാരം.. വിദ്യാഭ്യാസം” എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന സെമിനാറിൽ ” ഭാഷയുടെ ആഗോളവൽക്കരണവും സാംസ്കാരിക സ്വത്വത്തിൽ അതിന്റെ സ്വാധീനവും” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും.
കഴിഞ്ഞ വർഷം സുഡാൻ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക അതിഥിയായി സുഡാൻ വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവും അൽ മുക്തരിബീൻ യൂണിവേഴ്സിറ്റിയും സംയുക്തമയി സംഘടിപ്പിച ത്രിദിന
രാജ്യാന്തര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനും സുഡാൻ മത കാര്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നാം റാങ്കോടെ ബി.എ അറബിക്കും മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ അറബിക്കും പാസ്സായ അലാവുദ്ദീൻ അറബി സാഹിത്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി നിന്ന് എം.ഫിലും, പി.എച്ച്. ഡിയും പൂർത്തിയാക്കീട്ടുണ്ട്.

ലിബിയൻ ഗവർമെൻ്റിൻ്റെ മാധ്യമ വിഭാഗം പ്രസിദ്ധീകരിക്കുന്ന “അൽ- ലിബി” അറബിക് മാസികയുടെ ഇന്ത്യൻ എഡിറ്റർ, യു.ജി.സി. കെയർ ലിസ്റ്റിലെ പ്രധാന അറബിക് ജേണലും ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്നതുമായ “അൽ – തിൽമീദ്” റിസർച്ച് ജേർണൽ എഡിറ്റോറിയൽ ബോർഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി അറബിക് ( അഫ്സലുൽ ഉലമ) ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല യു.ജി (അറബിക് ) പാഠ്യപദ്ധതി അംഗം,
ബൈറൂത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ഫെഡറേഷൻ ഫോർ അറബിക് ലാംഗ്വേജ്, തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമിക വിദക്തർക്കയുള്ള അന്താരാഷ്ട്ര സംഘടനയായ ഇൻറർനാഷണൽ യൂണിയൻ ഓഫ് യൂണിവേഴ്സിറ്റീസിലും ഇദ്ദേഹത്തിന് അംഗത്വമുണ്ട്.

60 ൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം
നിരവധി ദേശീയ, അന്തർദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇരുപതിൽ പരം വിദേശ രാജ്യങ്ങൾ സന്ദർശിച്ച അലാവുദ്ദീൻ നിലവിൽ എസ്.എ. കോളജ് ചേന്നമംഗല്ലൂരിൽ അറബിക് വിഭാഗം ലക്ചററായി ജോലി ചെയ്യുന്നു.
അറബ് ലോകത്തെ ധൈഷണിക പ്രതിഭയും ഷാർജ ഭരണാധികാരിയുമായ ഡോ.സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാംസ്‌കാരിക വ്യവഹാരങ്ങളെ കുറിച്ചുള്ള അറബിയിലും ഇംഗ്ലീഷിലുള്ള ജീവചരിത്രം, ആധുനിക ഒമാന്റെ ശില്പിയും മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജീവിതവഴിയൊരുക്കിയ മുൻ ഒമാൻ ഭരണാധികാരിയുമായ സുൽത്താൻ ഖാബൂസിനെ കുറിച്ചുള്ള അറബി ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
എം. മുകുന്ദന്റെ മാസ്റ്റർ പീസ് നോവലായ മയ്യയിപ്പുയയുടെ തീരങ്ങിൽ അറബിയിലേക്ക് വിവർത്തനം ചെയ്ത ഇദ്ദേഹം ശ്രീനാരായണ ഗുരുവിനെ ക്കുറിച്ച് പ്രഥമ അറബി ജീവ ചരിത്ര ഗ്രന്ഥം തയ്യാറാക്കാനൊരുങ്ങുകയാണ്.

അംബേദ്കർ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാ ഫൂലെ എക്‌സലന്‍സി അവാര്‍ഡ്, കെ. മൊയ്തുമൗലവി സാഹിത്യ അവാര്‍ഡ്, പി.എം മുഹമ്മദ് കോയ ഫൗണ്ടേഷന്‍ നാഷണൽ എക്‌സലന്‍സി അവാര്‍ഡ്, പുരോമന കലാ സാഹിത്യ സംഘം ചെറുകഥാ അവാര്‍ഡ്, എന്നിവ ഇദ്ദേഹം നേടിയിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ മലയാള സംസർവകലാശാല സംസ്ഥാനതലത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി നടത്തിയ മലയാള പ്രബന്ധ രചനാ മത്സരത്തിലും അലാവുദ്ദീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കീട്ടുണ്ട്.
ഒ.വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി യുടെ ഭാഗമായി മലയാള മനോരമ ദേശീയാടിസ്ഥാനത്തിൽ നടത്തിയ മലയാള പ്രബന്ധ രചനാ മത്സരത്തിൽ കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും നേടി.സൗത്ത് ഇന്ത്യന്‍ ബാങ്ക് ദേശീയ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരം, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നടത്തിയ അഖില കേരള മലയാള പ്രബന്ധ രചനാ മത്സരം എന്നിവയിലും ഒന്നാംസ്ഥാനം കരസ്ഥമാകീട്ടുണ്ട്.

മുഹമ്മദ് കൊക്കാഞ്ചേരിയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ ഉമ്മുൽ ഹബീബ, മക്കൾ: ബസീമ ബർസ, ഫാദി അഹമ്മദ്.