മലപ്പുറം അടിപൊളിയാകുന്നു.. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ താരങ്ങള്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സൗജന്യ ജഴ്‌സി

Keralam News

മലപ്പുറം : സംസ്ഥാന സ്കൂൾ കായിക മേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന താരങ്ങൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നൽകുന്ന സൗജന്യ ജേഴ്സി വിതരണവും
കേരള ഗാന്ധി കേളപ്പൻ തവനൂരിൽ സ്ഥാപിച്ച ഗവ. ഹൈ സ്കൂളിന്റെ നവീകരിച്ച പൈതൃക കെട്ടിടത്തിന്റെ ഉത്ഘാടനവും ഇന്ന് തിങ്കൾ രാവിലെ 10. 30 ന് തവനൂർ കെ. എം. ജി. വി എച്ച് എസ് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ നിർവഹിക്കും.
നവീകരിച്ച ഹയർ സെക്കണ്ടറി ഓഫിസ് ആൻഡ് സ്റ്റാഫ് റൂം ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം നിർവഹിക്കും. ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിക്കും.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ കെ. പി രമേശ്‌ കുമാർ, ജില്ലാ സ്പോർട്ട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ഷാജിർ എന്നിവർ ജേഴ്സി ഏറ്റു വാങ്ങും. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, തവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. നസീറ എന്നിവർ വീശിഷ്ടാതിഥികളായി സംബന്ധിക്കും.
ഒക്ടോബർ 17 മുതൽ 20 വരെ തൃശൂർ ജില്ലയിലെ കുന്ദംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലയിൽ നിന്നും പങ്കെടുക്കുന്ന മുഴുവൻ കായിക താരങ്ങൾക്കും, കോച്ചുമാർക്കും, ടീം മാനേജർ മാർക്കുമാണ് ജില്ലാ പഞ്ചായത്ത്‌ പ്രത്യേകം രൂപ കല്പന ചെയ്ത ജേഴ്സി തയ്യാറാക്കിയിട്ടുള്ളത്.
തവനൂരിൽ ദശാബ്ദങ്ങൾക്ക് മുൻപ് നവോത്ഥാന നായകനായിരുന്ന കെ. കേളപ്പൻ നേരിട്ട് സ്ഥാപിച്ച ഹൈ സ്കൂൾ കെട്ടിടം 70 ലക്ഷം രൂപ ചെലവഴിച്ചാണ് പഴമ നഷ്ടപ്പെടാതെ ജില്ലാ പഞ്ചായത്ത്‌ നവീകരിച്ചത്. നേരത്തേ ജില്ലാ പഞ്ചായത്ത്‌ ബഡ്ജറ്റിൽ പറഞ്ഞിരുന്ന ജില്ലയിലെ പൈതൃകങ്ങളുടെ പുനരുത്ഥാരണ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ഒപ്പം ഹയർ സെക്കന്ററി ഓഫീസും സ്റ്റാഫ് റൂമും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈ ടെക് രീതിയിൽ നവീകരിച്ചിട്ടുള്ളത്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന തരങ്ങൾക്ക് കഴിഞ്ഞ വർഷവും പ്രത്യേക ജേഴ്സി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ സ്പോൺസർ ചെയ്തിരുന്നു. ഏകീകൃത ജേഴ്‌സി നൽകുന്നതിലൂടെ താരങ്ങളിൽ കൂടുതൽ ആത്മവിശ്വാസവും അഭിമാന ബോധവും സൃഷ്ടിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ രമേശ്‌ കുമാർ എന്നിവർ പറഞ്ഞു.