ഡീസല്‍ വില വര്‍ധന: നില്‍പ്പ് സമരവുമായി ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

News

മലപ്പുറം: ദിവസവും വര്‍ധിക്കുന്ന ഡീസല്‍ വിലവര്‍ദ്ധനവിനെതിരയും, കോവിഡ് മാനദണ്ഡവും മറ്റുമുള്ള കാരണത്താല്‍ ബസ് ഉടമകളും ജീവനക്കാരും പട്ടിണി മരണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നില്‍പ്പ് സമരം നടത്തും. ജൂണ്‍ 30 രാവിലെ 11 മണിക്ക് മലപ്പുറത്ത് ദൂരദര്‍ശനു മുന്നിലും ജില്ലയിലെ മറ്റ് തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസിനു മുന്‍പിലും നില്‍പ്പ് സമരം നടത്താനാണ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈന്‍ ടൈമിംഗ് നടത്താനുള്ള ഉള്ള തീരുമാനത്തില്‍ നിന്നും മലപ്പുറം ആര്‍.ടി.ഒ യുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ടൈമിങ് നടത്തുമ്പോള്‍ അതിന് വേണ്ട കമ്പ്യൂട്ടര്‍ സാമഗ്രികള്‍ വാങ്ങാന്‍ ഉള്ള ഒരു സാഹചര്യം ബസ് ഉടമകള്‍ക്ക് ഇപ്പോള്‍ ഇല്ല. വീട്ടില്‍ നിത്യ ചിലവിനു പോലും വക ഇല്ലാതെ പട്ടിണിയില്‍ ആണ് ബസ് ഉടമകള്‍ എന്ന് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം എന്നും ആവശ്യപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ചുമതലയും കെ.എസ്.ആര്‍.ടി.സി എം.ഡി യുടെ സ്ഥാനവും ഒരേ വ്യക്തി തന്നെ വഹിക്കുന്നത് ചട്ട വിരുദ്ധം ആണ് എന്നും ഇത് പ്രൈവറ്റ് ബസിനെ തകര്‍ക്കാന്‍ വേണ്ടി ആണ് എന്നും ഈ നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നും ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ ഉദ്ഘാടനം ചെയ്തു. അബ്ദു വടക്കന്‍, വാക്കിയത് കോയ, ശിവാകാരന്‍ മാസ്റ്റര്‍, കുഞ്ഞിക്ക കൊണ്ടോട്ടി, ഷബീര്‍ കെ.എം, അലി കെ.എം.എച്ച്, സുമിത്രന്‍ തിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എം.സി കുഞ്ഞിപ്പ സ്വാഗതവും മഞ്ചേരി യൂണിറ്റ് ട്രഷറര്‍ ദിനേശ് കുമാര്‍ നന്ദിയും അറിയിച്ചു.