പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാരം, ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും

Breaking News

മലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോചീഫായിരിക്കേ വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണക്ക് തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരത്തിന് ദീപികയിലെ ജിമ്മി ഫിലിപ്പും (അച്ചടി മാധ്യമവിഭാഗം) മീഡിയ വണ്‍ മുന്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിയും (ദൃശ്യമാധ്യമവിഭാഗം) അര്‍ഹരായി. 2019 നവംബര്‍ 14 മുതല്‍ 19 വരെ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ’ പരമ്പരക്കും 2019 ഒക്ടോബറില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത ‘തീക്കനല്‍ക്കര’ ന്യൂസ് സ്റ്റോറിക്കുമാണ് പുരസ്‌കാരം. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എബ്രഹാം മാത്യു എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണയസമിതി.
25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അച്ചടി, ദൃശ്യമാധ്യമങ്ങളിലെ മികച്ച ജനറല്‍ റിപോര്‍ട്ടിങ്ങിന് ഏര്‍പ്പെടുത്തിയ പ്രഥമ കെ.എം ബഷീര്‍ സ്മാരക അവാര്‍ഡ്. 2019 ആഗസ്റ്റ് ഒന്നു മുതല്‍ 2020 ആഗസ്റ്റ് 31 വരെ കാലയളവില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിച്ചത്. പ്രളയാനന്തര കുട്ടനാടിന്റെ ആശങ്കകളും നൊമ്പരങ്ങളും പ്രതീക്ഷകളും വിവരിക്കുന്നതാണ് ‘കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ’ പരമ്പരയെന്ന് സമിതി വിലയിരുത്തി. ജാര്‍ഖണ്ഡിലെ ജാരിയാ എന്ന ഗ്രാമത്തില്‍ 100 വര്‍ഷത്തിലധികമായി കത്തിക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ തീക്കിടയില്‍ നിസ്സഹായരായി കഴിയുന്ന ജനതയുടെ ജീവിതമാണ് ‘തീക്കനല്‍ക്കര’ വരച്ചുകാട്ടിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, തിരൂര്‍ അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍, വൈസ് ചെയര്‍മാന്‍ ദിനേശ് പൂക്കയില്‍, ഡയറക്ടര്‍ ബഷീര്‍ കൊളക്കാട് എന്നിവര്‍ സംബന്ധിച്ചു.
പുരസ്‌കാര ജേതാക്കള്‍

അച്ചടി മാധ്യമ വിഭാഗം:
‘കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ’ -ജിമ്മി ഫിലിപ്പ് (ദീപിക)

ദീപിക കോട്ടയം യൂനിറ്റില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍, പുരസ്‌കാരങ്ങള്‍: ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, സംസ്ഥാന മാധ്യമ അവാര്‍ഡ്, കൊളംബിയര്‍ അവാര്‍ഡ്, പ്രസ് അക്കാദമി അവാര്‍ഡ്, കെ.പി ഗോപിനാഥന്‍ അവാര്‍ഡ്, വനം വകുപ്പ് പരിസ്ഥിതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. കോട്ടയം ജില്ലയില്‍ ആര്‍പ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പ് – ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍. 26 വര്‍ഷമായി മാധ്യമപ്രവര്‍ത്തകന്‍. ഭാര്യ: ശുഭ, മക്കള്‍: അശ്വിന്‍, അഞ്ജലീന.

ദൃശ്യമാധ്യമ വിഭാഗം:
‘തീക്കനല്‍ക്കര’ -സുനില്‍ ബേബി (മീഡിയ വണ്‍)

മീഡിയ വണിലെ മുന്‍ സീനിയര്‍ പ്രൊഡ്യൂസര്‍. 24 വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്തുണ്ട്. തൃശൂര്‍ എ.സി.വി, സൂര്യ ടി.വി, ഇന്ത്യാവിഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2020 വരെ മീഡിയ വണില്‍ കറന്റ് അഫയേഴ്‌സ് വിഭാഗത്തില്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ട്രൂത്ത് ഇന്‍സൈഡ്, റിപ്പോര്‍ട്ടേഴ്‌സ് ഡയറി, മീഡിയ സ്‌കാന്‍, പാട്ടുവഴി എന്നീ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു. 2019 ലെ മീഡിയ അക്കാദമി അവാര്‍ഡ്, ടി.വി അച്ച്യുതവാരിയര്‍ അവാര്‍ഡ്, 2013ലെ മികച്ച അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് കേരള സംസ്ഥാന ടി.വി അവാര്‍ഡ്, 2020-ല്‍ സി.എം അബ്ദുറഹ്മാന്‍ സ്മാരക മാധ്യമ അവാര്‍ഡ് എന്നിവ ലഭിച്ചു. തൃശൂര്‍ എരവിമംഗലം സ്വദേശി.