പ്ലസ് വൺ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Education Keralam News

തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കണ്ടറി – വോക്കേഷണല്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ യൂണിഫോം ധരിക്കണമെന്ന് നിർബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് മന്ത്രി ഈ കാര്യം നിർദേശിച്ചത്. നിലവിൽ പരീക്ഷ നടത്തുന്നതിനായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

പരീക്ഷയ്ക്ക് മുൻപ് സെപ്റ്റംബര്‍ 2,3,4 തീയതികളിലായി നാട്ടുകാരെ കൂടെ ഉൾപ്പെടുത്തി വിദ്യാലയങ്ങളും ക്ലാസ് മുറികളും അണുനശീകരണം നടത്തും. ഈ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഉണ്ടാക്കിയ അതാത് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായിട്ടുള്ള സമിതി നേതൃത്വം നൽകും. പരീക്ഷ നടത്തുന്ന വിദ്യാലയങ്ങളിൽ തെര്‍മല്‍സ്‌കാനറും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കും.

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ആർഡിഡിമാർ, എഡിമാർ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ ആളുകളുമായി വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവരുടെ അധ്യക്ഷതയിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം നടത്താനും പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ കുറിച്ച് വിലയിരുത്താനും നിർദേശം നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പരീക്ഷ നടത്തുന്ന വിദ്യാലയങ്ങൾ സന്ദര്‍ശിച്ച്‌ ആർഡിഡിമാരോട് പൊതുവിദ്യാഭ്യാസ ഡയറകടര്‍ക്ക് റിപ്പോർട്ട് സമർപ്പിക്കാനും പറഞ്ഞിട്ടുണ്ട്.