മലപ്പുറം ജില്ലയില്‍നിന്നും അഞ്ചുപേരെ കാപ്പ ചുമത്തി നാട് കടത്തി

Crime Local News

മലപ്പുറം: മലപ്പുറം ജില്ലയില്‍നിന്നും അഞ്ചുപേരെ കാപ്പ ചുമത്തി നാട് കടത്തി.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ അഞ്ച് പേരെ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാട് കടത്തി. പാണ്ടിക്കാട് പന്തല്ലൂര്‍ കിടങ്ങയം സ്വദേശി കിഴക്കുപറമ്പന്‍ അബ്ദുല്‍ ഹഖ് (26), മങ്കട കൂട്ടിലിലെ നായ്ക്കത്ത് ഷറഫുദ്ധിന്‍ (35), ചോക്കാട് വാളക്കുളം ലക്ഷം വീട് കോളനിയിലെ മുതുകുളവന്‍ ഫായിസ് (25), പരപ്പനങ്ങാടി നെടുവ ചാപ്പപടിയിലെ പൂഴിക്കാരന്റെ പുരക്കല്‍ വീട്ടില്‍ ഷറഫുദ്ധിന്‍ (29), എടവണ്ണ കുണ്ടുതോടിലെ അരിമ്പ്ര അയൂബ് (44) എന്നിവരെയാണ് കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് ജില്ലയില്‍ നിന്ന് നാട് കടത്തിയത്. സ്ഥിരമായി മണല്‍ കടത്ത് നടത്തുന്ന അയൂബിന്റെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആറ് മാസത്തേക്ക് ആഴ്ചയില്‍ ഒരുദിവസം നിലമ്പൂര്‍ ഡിവൈ.എസ്.പി മുമ്പാകെ ഹാജരാവണം. മറ്റുള്ള പ്രതികള്‍ക്ക് ജില്ലയിലേക്ക് പൂര്‍ണ്ണമായും പ്രവേശന വിലക്കേര്‍പ്പെടുത്തി.ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര മേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവിറക്കിയത്. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുകയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമാണ്. ജില്ലയില്‍ ഈ വര്‍ഷം നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ള മൂന്ന് പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും 13 പേരെ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്തു. ജില്ലയിലെ കുറ്റകൃതങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി. സുജിത്ത് ദാസ് പറഞ്ഞു.