ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങളെ ഒന്നൊന്നായി കുഴിയില്‍ കിടത്തി കാലുകൊണ്ട് മണ്ണിട്ട് മൂടി ജൂലിയെന്ന നായ. നോവുന്ന കാഴ്ചയായി ജൂലി

Local News

മലപ്പുറം: നോവുന്ന കാഴ്ചയായിമാറിയിരിക്കുകയാണ് ജൂലിയെന്ന് നായ. ഈ വിഡിയോ തീര്‍ച്ചയായും കാരുണ്യമുള്ള
മനുഷ്യരുടെ കണ്ണ് തുറപ്പിക്കും. ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങളെ ഒന്നൊന്നായി കുഴിയില്‍ കിടത്തി കാലുകൊണ്ട് മണ്ണിട്ട് മൂടി ജൂലി മുടുമ്പോള്‍ മനസ്സിലുടെ കടന്നുപോയത് എന്തെല്ലാമാകും. ജൂലിയുടെ മനവും മന്ത്രിച്ചിരിക്കാം.. മക്കളേ മാപ്പ്..
പതിവു പോലെ ഭക്ഷണം തേടിയിറങ്ങിയ ജൂലിയെന്ന തെരുവുനായ അറിഞ്ഞിരുന്നില്ല. തന്റെ മക്കളുടെ ജീവനെടുത്ത് മഴ വില്ലനാകുമെന്ന്.
ജൂലിയെന്ന തെരുവ്‌നായ മനുഷ്യ കുലത്തെ ഓര്‍മപെടുത്തുന്ന ചിലതുണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ജൂലി എട്ടു മക്കളെ പ്രസവിച്ചത്.ഇക്കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ ദു:സൂചനയായി കണ്ട ജൂലിയുടെ മനസ് പിടച്ചു.മമ്പാട് വനിത ബാങ്കിന് സമീപത്തെ ഓവുചാല്‍ ലക്ഷ്യമാക്കി അവള്‍ കുതിച്ചു . ജൂലി എത്തുമ്പോഴേക്കും ഓവുചാലിനോരം പറ്റിയ കുഴിയില്‍ മലവെള്ളപ്പാച്ചിലില്‍ വെള്ളം നിറഞ്ഞിരുന്നു. പറക്കമുറ്റാത്ത 8 മക്കളുടെ ചേതനയറ്റ ശരീരം കണ്ട് ആ മാതൃഹൃദയം നടുങ്ങി. മക്കളെ ഒരോരുത്തരെയായി അവള്‍ ഓവുചാലില്‍നിന്നും പുറത്തെടുത്ത് കിടത്തി. തുടര്‍ന്ന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കാല് കൊണ്ട് കുഴിയുണ്ടാക്കി.
കുഞ്ഞുങ്ങളെ ഒന്നൊന്നായി കുഴിയില്‍ കിടത്തി കാലുകൊണ്ട് മണ്ണിട്ട് മൂടി. മമ്പാട് സ്വദേശി കൂപ്പനത്ത് സലാ ഹുദ്ദീനാണ് ജൂലിയുടെയും കുഞ്ഞുങ്ങളുടെയും ഹൃദയസ്പര്‍ശിയായ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വിഡിയോ കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ഇങ്ങിനെ കുറിച്ചു. കുഞ്ഞുങ്ങളോടുള്ള കാരുണ്യവും വാത്സല്യ തീവ്രതയും മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട്. ഈ വിഡിയോ മാതൃത്വത്തിന്റെ കഥ പറയുന്നു.
മമ്പാട്ടെ തെരുവിലായിരുന്നു ജൂലിയുടെ ജനനം. പുഴക്കരയില്‍ പന്ത് കളിക്കാറുള്ള നാട്ടുകാരോടൊപ്പം അരിക് ചേര്‍ന്ന കാലം. അങ്ങിനെ നാട്ടുകാര്‍ക്കവള്‍ പ്രിയങ്കരിയായി ഒടുവില്‍ അവര്‍ അവളെ ജൂലിയെന്ന് നീട്ടി വിളിച്ചു. എല്ലാവരുടെയും ഓമനയായ ജൂലി.