കുഷ്ഠരോഗം; ആശങ്കപ്പെടേണ്ടസാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Health Local News

മലപ്പുറം: ജനസംഖ്യാനുപാതികമായാണ് മലപ്പുറം ജില്ലയില്‍ കൂടുതല്‍ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി വരികയാണ്. കൂടാതെ ചികിത്സാ വേളയിലും തുടര്‍ന്നും രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുമെന്നും അവര്‍ പറഞ്ഞു.
രോഗബാധ നേരത്തെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാനാവുമെന്നതിനാലാണ് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകളും സ്‌ക്രീനിങ് പരിപാടികളും സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അവരുടെ രക്ഷിതാക്കളെയും പരിശോധനയ്ക്ക് വിധേയമാക്കും. അതിഥി തൊഴിലാളികളെ ഉള്‍പ്പടെ സ്‌ക്രീനിങ്ങിന് വിധേയമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ചര്‍മ്മത്തിലുണ്ടാകുന്ന ക്ഷതങ്ങളാണ് മൈകോബാക്ടീരിയം ലെപ്രേ ഇനത്തില്‍ പെട്ട ബാക്ടീരിയകള്‍ വഴി ഉണ്ടാകുന്ന കുഷ്ഠ രോഗത്തിന്റെ പ്രധാന ബാഹ്യലക്ഷണം. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ചര്‍മ്മത്തിനും നാഡികള്‍ക്കും, അവയവങ്ങള്‍ക്കും, കണ്ണുള്‍പ്പെടെ ഇന്ദ്രിയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ സംഭവിക്കാം. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ദുര്‍ബ്ബലപ്പെടുത്തുന്നതു മൂലം ശരീരഭാഗങ്ങള്‍ക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. അവയവങ്ങള്‍ ക്ഷയിക്കുകയോ, വികൃതമാവുകയോ, അസ്ഥികള്‍ ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാനും ഇടയുണ്ട്.
തൊലിപ്പുറത്തുള്ള നിറം മങ്ങിയതോ ചുവപ്പു നിറമുള്ളതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, തടിപ്പുകള്‍, ചൊറിച്ചില്‍ ഇല്ലാത്ത പാടുകള്‍, തടിച്ചതും തിളക്കം ഉള്ളതുമായ ചര്‍മം, ശരീരത്തിലെ പുതിയ നിറ വ്യത്യാസങ്ങള്‍, ചെവിയിലെ തടിപ്പുകള്‍, നാഡികള്‍ക്ക് വേദനയും തടിപ്പും, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ് എന്നീ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമായി നല്‍കി വരുന്നതായും രോഗ ലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.