എല്‍.ഇ.ഡി ബള്‍ബുകള്‍ ഇനി ‘മെയ്ഡ് ഇന്‍ തവനൂര്‍ സെന്‍ട്രല്‍ ജയില്‍’

Local News

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി വെളിച്ചം പകരും. ജയിലില്‍ കഴിയുന്നവര്‍ക്കായി നടത്തിയ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം പൂര്‍ത്തിയായതോടെ ഇവര്‍ നിര്‍മിച്ച ബള്‍ബുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ജയില്‍ കാന്റീന്‍ വഴിയും കുറഞ്ഞ ചിലവില്‍ ജനങ്ങളില്‍ എത്തിക്കും. മാനസികവും സാമൂഹികവുമായ പരിവര്‍ത്തനം നടത്തി സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാമൂഹ്യനീതി വകുപ്പ് പ്രബേഷന്‍ വിംഗ് ‘നേര്‍വഴി’പദ്ധതിയുടെ ഭാഗമായാണ് എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം പരിശീലനം നടത്തിയത്.

നാല് ദിവസത്തെ പരിശീലന പരിപാടിയില്‍ നിയമബോധവത്കരണം, ഹൃദയ പരിശോധന ക്യാമ്പ്, ഹൃദയ വ്യായാമ പരിശീലനം എന്നിവയും നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മലപ്പുറം, കോഴിക്കോട് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനത്തിന് പ്രസിഡന്റിന്റെ മെഡല്‍ ജേതാവും ഭിന്നശേഷിക്കാരനുമായ ജോണ്‍സന്‍ നേതൃത്വം നല്‍കി.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി. കെ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ആര്‍. രമ്യ, ജയില്‍ ജോയിന്‍ സൂപ്രണ്ട് സിയാദ്, അന്‍ജുന്‍ അരവിന്ദ്, കോഴിക്കോട് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ആസ്റ്റര്‍ വളണ്ടിയര്‍ മാനേജര്‍ കെ.വി മുഹമ്മദ് ഹസീം, പ്രബേഷന്‍ അസിസ്റ്റന്റ് പി. ഷിജേഷ്, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ വി.പി ബിപിന്‍ വി പി എന്നിവര്‍ പ്രസംഗിച്ചു.