സംസ്ഥാനത്ത് കനത്ത മഴ: കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു

Keralam News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കളമശ്ശേരിയില്‍ ഇരുനിലവീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാന്‍കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ചെരിഞ്ഞത്.
വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

വീട് ഇടഞ്ഞ് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ വീട് പൊളിച്ച് നീക്കാനുള്ള ശ്രമത്തിലാണ്. അഗ്നിശമനസേനയെത്തി വീട് പൊളിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കളമശ്ശേരി നഗരസഭ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വീടിന്റെ ടെറസില്‍ ഇരുമ്പ് തൂണുകള്‍ വച്ചാണ് വീട് താങ്ങി നിര്‍ത്തിയിരിക്കുന്നത്. വീടിന്റെ അടിവശം താഴ്ന്ന നിലയിലാണ്.

ഇന്ന് രാവിലെ ആറു മണിയോടെയാണ് വീട് ചെരിഞ്ഞു തുടങ്ങിയത്. വീട് ചെരിയുന്നത് ശ്രദ്ധയില്‍പെട്ടതോടെയുള്ള അയല്‍വാസികളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അപകടം നടക്കുമ്പോള്‍ മെറ്റല്‍ ഇളക്കുന്നതിന് സമാനമായ ശബ്ദമാണ് ഉണ്ടായത്. വീടിന്റെ പഴക്കമാണ് അപകടത്തിന് കാരണം എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള വീടുകള്‍ക്ക് വിള്ളല്‍ വീണത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.