മലപ്പുറത്തുകാരന്‍ജുനൈദിന്റെ പുതിയ വിമാനംആകാശത്തിലൂടെ 10മിനുട്ട് പറക്കുംഇനി ലക്ഷ്യം ആളെകയറ്റിക്കൊണ്ടുപോകുന്ന വിമാനം

Keralam Local News

മലപ്പുറം: മലപ്പുറം ചെമ്മാട് ആലിന്‍ചുവട് സ്വദേശിയായ ജുനൈദിപ്പോള്‍ 40വിമാനങ്ങള്‍ നിര്‍മിച്ചു. അവസാനം ഓഗസ്റ്റ് 15നു നിര്‍മിച്ച ‘ഇന്ത്യന്‍ എയര്‍’ എന്ന പേരിട്ട വിമാനം പത്തുമിനുട്ടോളം ആകാശത്തിലൂടെ പറക്കും. കണ്ണുകൊണ്ടുകാണാവുന്ന അത്രയും ഉയരത്തില്‍ പറപ്പിക്കാന്‍ സാധിക്കും. ഇനി തന്റെ ലക്ഷ്യം തനിക്കു സ്വന്തമായി പറപ്പിക്കാന്‍ കഴിയുന്ന വിമാനമാണെന്നും ഈ 25കാരന്‍ പറയുന്നു.
ആളെ കയറ്റിക്കൊണ്ടുപോകുന്ന വിമാനം 2030ഓടുകൂടി നിര്‍മിക്കാന്‍ സാധിക്കുമെന്നാണു ജുനൈദിന്റെ പ്രതീക്ഷ. ഇതിനുവേണ്ടുന്ന തെയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജുനൈദ് പറയുന്നു.

ഒറിജിനലിനെ വെല്ലുന്ന റിമോട്ട് കണ്‍ഡ്രോള്‍ വിമാനങ്ങളാണ് നിലവില്‍ ജുനൈദ് നിര്‍മിച്ചിട്ടുള്ളത്. ചെറുപ്പത്തില്‍ എല്ലാവരെയും പോലെ ജുനൈദിനും ഉണ്ടായിരുന്നു ആഗ്രഹങ്ങള്‍. വിമാനം പറത്തണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും. എന്നാല്‍ വീട്ടിലെ ജീവിത സാഹചര്യങ്ങള്‍ മൂലം മുഹമ്മദ് ജുനൈദിന് പത്താം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍ അവിടെ തോല്‍ക്കാന്‍ ജുനൈദ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഒറിജിനലിനെ വെല്ലുന്ന റിമോട്ട് കണ്ട്രോള്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ജുനൈദ് തുടങ്ങിയത്. ആരെയും അമ്പരപ്പിക്കുന്ന തരത്തില്‍ ഒറിജിനലിനെ വെല്ലുന്ന ഡിഡൈനില്‍ നിരവധി വിമാനങ്ങളാണ് ജുനൈദ് നിര്‍മ്മിച്ചത്. യൂട്യൂബ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള വിമാനങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത് എന്ന് ജുനൈദ് പറയുന്നു. തെര്‍മ്മോക്കോള്‍, സണ്‍ പാക്കറ്റ് ഷീറ്റ്,റിമോട്ട്, ബാറ്ററി, മോട്ടോര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഈ വിമാനങ്ങളുടെ നിര്‍മ്മാണം

ഇത് വരെ 40വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നു നിര്‍മിച്ച വിമാനത്തിന് പേരിട്ടത് ഇന്ത്യന്‍ എയര്‍എന്നാണ്. പ്രത്യേക തരം സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. അതിമനോഹരമായിട്ടാണ് ഓരോ വിമാനവും ഈ 25 കാരന്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി വിവിധ ഇടങ്ങളില്‍ പറത്തി കൊണ്ടിരിക്കുന്നത്. ജുനൈദിന്റെ ഈ റിമോട്ട് വിമാനങ്ങള്‍ പറത്തുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആരെയും അത്ഭുതപ്പെടുത്തും. നിലവില്‍ പാടങ്ങളും മൈതാനങ്ങളും പാലങ്ങളും ഒക്കെ റണ്‍വേ ആക്കിയാണ് വിമനങ്ങള്‍ പറത്തുന്നത്. കാണുന്നവര്‍ക്ക് ഇത് ഒരു ടോയ് വിമാനം ആണെങ്കിലും ജുനൈദിനെ സംബന്ധിച്ചിടത്തോളം ഇത് ഒറിജിനല്‍ വിമാനം പറപ്പിക്കുന്നതിന് തുല്യമാണ്.

കെ.ആര്‍.സി.എഫ്.സി ഫ്‌ലയിങ് ക്ലബില്‍ അംഗവുമാണ് ജുനൈദ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം,എറണാകുളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അതേസമയം പരീക്ഷണം ആരംഭിക്കുന്ന സമയം നിരവധി വിമാനങ്ങള്‍ തകര്‍ന്നതിന് ശേഷമാണ് ഇത്തരത്തില്‍ മനോഹരമായ വിമാനങ്ങള്‍ തനിക്ക് ഉണ്ടാക്കാന്‍ സാധിച്ചതെന്ന് ജുനൈദ് പറഞ്ഞു.

എന്നാല്‍ ഇനി സ്വന്തമായി പറക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ‘വിമാനം’ എന്ന സിനിമയിലെ പോലെ ഒരു വിമാനം നിര്‍മിക്കണമെന്നാണ് ജുനൈദിന്റെ സ്വപ്നം. അതിനുവേണ്ടിയുള്ള പരിശ്രമവുമായാണ് ഈ യുവാവ് മുന്നോട്ടു പോകുന്നത്. ഇതിന് പൂര്‍ണ്ണ പിന്തുണയോടെ നാട്ടുകാരും സുഹൃത്തുക്കളും ജുനൈദിന് ഒപ്പമുണ്ട്. മലപ്പുറം ചെമ്മാട് ആലിന്‍ചുവട് മുഹമ്മദ്- സുലൈഖ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജുനൈദ്. സ്വാലിഹ, സഹ്ല, യാസര്‍, മുബജ്ജില്‍, നാഷിദ് എന്നിവര്‍ സഹോദരങ്ങളാണ്.
ആവശ്യക്കാര്‍ക്കു ഇത്തരത്തിലുള്ള വിമാനം ആവശ്യമെങ്കില്‍ നിര്‍മിച്ചുനല്‍കാന്‍ തെയ്യാറാണെന്നും ജുനൈദ് പറയുന്നു. ആവശ്യക്കാര്‍ വേണമെങ്കില്‍ ജുനൈദിന്റെ 9496583498 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്..