മലപ്പുറം വള്ളിക്കുന്നില്‍
യുവതി ട്രെയിന്‍ ഇടിച്ച്
മരിച്ച സംഭവത്തില്‍
ഭര്‍ത്താവ് അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ യുവതി തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അത്താണിക്കല്‍ പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളില്‍ ഷാലു മോനെ(42) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിന് സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37) യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഭര്‍തൃ പീഢനമാണ് ദുരൂഹ മരണത്തിന് പിന്നിലുള്ളതെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്‍കിയിരുന്നു.ലിജിനയെ നിരന്തരമായി ഭര്‍ത്താവ് ഷാലു ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഭര്‍തൃ വീട്ടിലെ നിരന്തരമായ പീഢനത്തെക്കുറിച്ച് ലിജിന പലപ്പോഴായി തന്റെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരം മാനസികമായും ശാരീരികമായും പീഢനം ഏറ്റുവാങ്ങേണ്ടി വരുന്ന അവസരത്തിലെല്ലാം സ്വന്തം വീട്ടിലേക്ക് ലിജിന എത്തുകയായിരുന്നു പതിവെന്നും സഹോദരന്‍ ഹരീഷ് കുമാര്‍ എസ് പി ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. യുവതി ട്രെയിന്‍ തട്ടി മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച പീഢനത്തെക്കുറിച്ചുള്ള പരാതിയും എസ് പി ക്ക് കൈമാറിയിരുന്നു.
പരാതിയെ തുടര്‍ന്ന് താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഷാലുമോനെ അറസ്റ്റ് ചെയ്തത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മെതിരെ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.