ജാമ്യം എടുത്ത് മുങ്ങിയ പ്രതി പിടിയിൽ

Local News

മങ്കട: ജാമ്യം എടുത്ത് മുങ്ങിയ പ്രതിയെ 6 വർഷത്തിന് ശേഷം മങ്കട പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഡിണ്ടിക്കൽ സ്വദേശി ദണ്ഡപാണി (42) ആണ് പിടിയിലായത്.2017 ഏപ്രിൽ മാസത്തിൽ ഇയാൾ ഓടിച്ച തമിഴ്നാട് രജിസ്ട്രേഷൻ പച്ചക്കറി ലോറി പാലക്കത്തടം വെച്ച് ഇടിച്ചതിൽ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടിരുന്നു. ഈ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് പോയ ഇയാൾ പിന്നീട് കേരളത്തിലേക്ക് വരാതെ മുങ്ങി നടക്കുകയായിരുന്നു. നിരവധി തവണ അന്വേഷിച്ച് പോയി എങ്കിലും ഇയാൾ പഴയ വിലാസത്തിൽ നിന്നും മാറി താമസിച്ചും ഫോൺ നമ്പർ മാറ്റിയും പോലീസിൽ നിന്നും മാറി നടക്കുകയായിരുന്നു. കോടതി പിടികിട്ടാപുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ടിയാനെ ജാമ്യം എടുത്ത ആളുകളെ കേന്ദ്രികരിച്ച് സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മങ്കട ഇൻസ്പെക്ടർ പി.വിഷ്ണു വിന്റെ നിർദ്ദേശ പ്രകാരം അസി. സബ്ബ് ഇൻസ്പെക്ടർമാരായ മൻസൂർ, ഷാജഹാൻ എന്നിവരാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.