ആശങ്ക ആശ്വാസത്തിനു വഴിമാറി, വഴിവക്കിൽ മോട്ടോർവാഹന വകുപ്പിന്റെ ഉപഹാരം.കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്.

Local News

മുലപ്പുറം: ആശങ്ക ആശ്വാസത്തിനു വഴിമാറി, വഴിവക്കിൽ മോട്ടോർവാഹന വകുപ്പിന്റെ ഉപഹാരം. തലയിൽ ഹെൽമറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളൊക്കെ പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ടൂവീലറിൽ നിരത്തിലിറങ്ങിയവർ, ഇനിയെന്ത് പൊല്ലാപ്പാണെന്ന ആശങ്ക, വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായി മാറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഹെൽമറ്റുകൾ നൽകി.ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഹെൽമറ്റ് വിതരണം ചെയ്തത്.
റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കിയതെന്നും പദ്ധതിയുടെ ഭാഗമായി കൂടുതൽ മേഖലയിൽ സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുമെന്നും കൊണ്ടോട്ടി ജോയിന്റ് ആർടിഒ എം അൻവർ പറഞ്ഞു. കുട്ടികൾ റോഡ് സുരക്ഷ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നൽകിയ ഹെൽമറ്റ് വിതരണത്തിന് ജോയിന്റ് ആർടിഒ എം അൻവർ, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആർ റഫീഖ്, വാഴയൂർ രമേശൻ എന്നിവർ നേതൃത്വം നൽകി.