സ്വന്തം കൈപ്പടയില്‍ എഴുതിയ ഖുര്‍ആനുമായി മലപ്പുറത്തെ ഷഹനമോള്‍ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍

Keralam Local

മലപ്പുറം: ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവനും സ്വന്തം കൈപ്പടയില്‍ എഴുതി താരമായി മാറിയ താനൂര്‍ എടക്കടപ്പുറത്തെ ഷഹനമോള്‍ താന്‍ എഴുതി പൂര്‍ത്തിയാക്കിയ വിശുദ്ധ ഗ്രന്ഥവുമായി പാണക്കാട്ടെത്തി. തന്റെ കൈപ്പടയില്‍ പകര്‍ത്തിയ വിശുദ്ധ ഖുര്‍ആന്‍ പാണക്കാട് തങ്ങള്‍ക്ക് സമര്‍പ്പിക്കണമെന്നത് ഷഹനമോളുടെ ആഗ്രഹമായിരുന്നു. ഇന്നലെ രാവിലെയാണ് ഭര്‍ത്താവിനോടും നാട്ടിലെ പ്രമുഖരോടുമൊപ്പം ഷഹന പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ആഗ്രഹം നിറവേറ്റിയ സംതൃപ്തിയിലാണ് ഷഹനമോള്‍. സാദിഖലി തങ്ങള്‍ സ്‌നേഹത്തോടെ ഷഹനമോള്‍ എഴുതിയ ഖുര്‍ആന്‍ സ്വീകരിച്ചു. തങ്ങള്‍ ഷഹനയുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഷഹനക്ക് സ്‌നേഹസമ്മാനം നല്‍കുകയും ചെയ്തു. മനോഹരമായ കൈപ്പടിയില്‍ എഴുതിയ ഖുര്‍ആന് 609 പേജുകള്‍ ഉണ്ട്. പ്രിന്റിങ്ങിനെ വെല്ലുന്ന രീതിയിലാണ് ഷഹനയുടെ എഴുത്ത്. ഖുര്‍ആന്റെ അവസാനത്തില്‍ പ്രാര്‍ത്ഥനയും ഓരോ അധ്യായത്തിന്റെയും സൂചികയും ചേര്‍ത്തിട്ടുണ്ട്. ഇനി രണ്ടു മാസം കൊണ്ട് ഖുര്‍ആന്റെ മുപ്പത് അധ്യായങ്ങളും എഴുതി പൂര്‍ത്തിയാക്കണം എന്നാണ് ഷഹനയുടെ ആഗ്രഹം. താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിലെ ഖുതുബുഖാനയിലേക്ക് ഖുര്‍ആന്‍ നല്‍കാനാണ് ഷഹന ആഗ്രഹിക്കുന്നത്.
പാണക്കാട് നടന്ന ചടങ്ങില്‍ എടക്കടപ്പുറം മഹല്ല് ഖത്തീബ് ഹൈദരലി റഹ്മാനി, യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.സലാം, ഷഹനയുടെ ഭര്‍ത്താവ് അഫ്‌സല്‍, ബാസിത് ഹുദവി, നഗരസഭ കൗണ്‍സിലര്‍ സി.പി.നജ്മത്ത്, ഇ.സാദിഖലി, പി .പി .അഫ്‌സല്‍, കെ.വി. മനാഫ് എന്നിവര്‍ സംബന്ധിച്ചു.