മത്സ്യ വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് മീനുമായി ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്രചെയ്യാം

Keralam News

തിരുവന്തപുരം ജില്ലയിലെ മത്സ്യ വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് മീനുമായി ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്രചെയ്യാം. പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും കൂടിച്ചേര്‍ന്ന്. സമുദ്ര എന്നതാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവും, കെഎസ്ആര്‍ടിസി എം.ഡി ഡോ. ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ചയിലാണ് സമുദ്ര രൂപം കൊണ്ടത്. മത്സ്യ വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് ബസുകളിലും പൊതുഗതാഗതങ്ങളിലും അമിത കൂലി ഈടാക്കുന്നതിനെ തുര്‍ന്ന് സ്തികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതുകെണ്ടാണ്് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

യാത്രക്കായി മൂന്ന് ബസുകളില്‍ ആവശ്യമായ രൂപമാറ്റം വരുത്തി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ യാത്രാസൗകര്യം ലഭ്യമാകും. 24 പേര്‍ ഇരുന്ന് യാത്രചെയ്യാനും അവരുടെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള റാക്ക് സൗകര്യവും ഏര്‍പ്പെടുത്തും. ഓഗസറ്റ് ആദ്യവാരത്തില്‍ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പദ്ധതിക്കുള്ള തുക ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.