കഞ്ചാവ് കടത്ത് : യുവാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും

Crime Local News

മഞ്ചേരി : കഞ്ചാവ് കടത്തിയതിന് പൊലീസ് പിടിയിലായ യുവാവിനെ മഞ്ചേരി എന്‍ഡിപിഎസ് കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൂക്കോട്ടുംപാടം പയമ്പാടന്‍ പൂതിയത്ത് ഷാനവാസ് (34)നെയാണ് ജഡ്ജി എന്‍ പി ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. 2021 ജൂലൈ അഞ്ചിനാണ് ഇയാളെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. അമരമ്പലം സൗത്ത് കോവിലകം പബ്ലിക് റോഡ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൂക്കോട്ടുംപാടം എസ് ഐയായിരുന്ന അബ്ദുല്‍ കരീമാണ് പ്രതിയെ പിടികൂടിയത്. വാണിയമ്പലം ഭാഗത്തുനിന്നും അഞ്ചാം മൈല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറില്‍ നിന്നും 21.55 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സി എന്‍ സുകുമാരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി. എഎസ്ഐ സുരേഷ് ബാബുവായിരുന്ന പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതിക്ക് ജാമ്യം ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് തീയ്യതി മുതല്‍ റിമാന്റില്‍ കഴിഞ്ഞു വരികയായിരുന്നു. ഈ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യാനും കോടതി വിധിച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി