രാജ്യത്തിന്റെ അഖണ്ഡതക്ക് വിഘാതം സൃഷ്ടിക്കാന്‍കരുനീക്കങ്ങള്‍ നടത്തുന്നവരെ കരുതിയിരിക്കണം: കാന്തപുരം

Local News Religion

മലപ്പുറം : സാമുദായികവും സാമൂഹികവുമായ സൗഹാര്‍ദം നിലനിര്‍ത്താനും മൈത്രിയും കാത്തുസൂക്ഷിക്കാനും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ . റമളാന്‍ ഇരുപത്തിയേഴാം രാവില്‍ മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക, സാംസ്‌കാരിക സ്പര്‍ധകളും വര്‍ഗീയവും വംശീയവുമായ ധ്രുവീകരണ ശ്രമങ്ങളും നാനാതുറകളില്‍ നിന്നു നടക്കുമ്പോള്‍, സ്‌നേഹംകൊണ്ടും മമതകൊണ്ടുമാണു നമ്മള്‍ പ്രതിരോധം തീര്‍ക്കേണ്ടത്.

വെറുപ്പ് ഉത്പാദിപ്പിച്ച്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഖണ്ഡതക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നവരെ സ്‌നേഹത്തിന്റെ ഭാഷയില്‍ അഭിസംബോധന ചെയ്തും തിരുത്തിയും നാം സഞ്ചരിക്കണം.

നിരവധി മതങ്ങളും അനവധി ജാതിസമൂഹങ്ങളും വിവിധ ജനവിഭാഗങ്ങളുമെല്ലാമായി സൗഹാര്‍ദം പുലര്‍ത്തി ജീവിക്കുന്ന ഇന്ത്യന്‍ ജനസമൂഹത്തിനിടയില്‍, വിദ്വേഷത്തിന്റെ വിത്തുവിതക്കാന്‍ വെമ്പുന്നവര്‍ ഈ രാജ്യത്തിന്റെ അസ്ഥിത്വത്തെയാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഭരണഘടന മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതെ നിയമങ്ങള്‍ പരിരക്ഷിക്കാതെ രാജ്യതെരുവുകളില്‍ വിഭാഗീയതയുടെ അനുരണനങ്ങള്‍ സൃഷ്ടിക്കാനുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങള്‍ ഒട്ടും ആശാവഹമല്ല. നിയമങ്ങള്‍ക്കു പോലും പുല്ലുവില കണക്കാക്കപ്പെടുന്ന അവസ്ഥയില്‍ ന്യായാസനങ്ങളും ഭരണസിരാകേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.

വിശുദ്ധ റമളാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിന് വെളിച്ചമാവണമെന്നും പുണ്യ റമളാനില്‍ മിതത്വം ശീലിച്ച വിശ്വാസികള്‍ ആര്‍ഭാട ജീവിതത്തോടുള്ള ആസക്തി ഒഴിവാക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.