റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്.സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

Local News Religion

മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിയിട്ടുണ്ട്.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.
രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1 ന് അസ്മാഉല്‍ ബദര്‍ മജ്‌ലിസ്, വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും.
തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ പ്രധാന വേദി, മഅദിന്‍ ഗ്രാന്റ് മസ്ജിദ്, മഅദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്ര്‍ നിസ്‌കാരങ്ങളും നടക്കും.
രാത്രി 9 മണിക്ക് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പുലര്‍ച്ചെ 3 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ് ലീല്‍, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഊന്നല്‍ നല്‍കി ആഗോള തലത്തില്‍ നടന്നു വരുന്ന വേള്‍ഡ് ഖുര്‍ആന്‍ അവറില്‍ പങ്കാളികളാകും. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുള്ള സഅദി ഫള്ഫരി, പൊന്മള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആരംഭിച്ച 48 മണിക്കൂര്‍ ഇഅ്തികാഫ് ജല്‍സയില്‍ നൂറ് കണക്കിന് വിശ്വാസികളാണ് പങ്ക് കൊള്ളുന്നത്.