കാന്തപുരം ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍

Local News Religion

മലപ്പുറം: ഏറെ നാളത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് മലപ്പുറം സ്വലാത്ത് നഗറിലെത്തും. മഅദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം എത്തിച്ചേരുന്നത്.

വിഭവാരവമൊരുക്കി മലപ്പുറം സോണ്‍

മലപ്പുറം: ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റമളാന്‍ ഇരുപത്തി ഏഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിഭവ സമാഹരണം നടത്തി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം.
എട്ടു സര്‍ക്കിക്കിളുകളിലെ എഴുപത്തിമൂന്ന് യൂണിറ്റുകളില്‍ നിന്നാണ് വിഭവങ്ങളുമായി വാഹനങ്ങളെത്തിയത്.
അരി,പഞ്ചസാര, ചായപ്പൊടി, തേങ്ങ, പച്ചക്കറികള്‍ തുടങ്ങിയ വിഭവങ്ങളാണ് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്വലാത്ത്‌നഗറിലെത്തിച്ചത്.
മുന്‍ വര്‍ഷങ്ങളിലേതിലുപരിയായി ക്രിയാത്മകമായ സംവിധാനത്തിലൂടെ മുപ്പത് ക്വിന്റലോളം അരിയും മറ്റു വിഭവങ്ങളുമാണ് യൂണിറ്റുകളില്‍ നിന്നു സമാഹരിച്ചത്. സാദാത്തുക്കള്‍, മുതഅല്ലിമുകള്‍, യതീമുകള്‍, കാഴ്ച -കേള്‍വി പരിമിതര്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സൗജന്യമായി പഠിക്കുന്ന സ്ഥാപനത്തിന് വലിയൊരു ആശ്വാസമാണ് ഇത്തരം വിഭവ സമാഹാരങ്ങള്‍.
വിഭവങ്ങളുമായെത്തിയ സോണിലെ മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് പ്രവര്‍ത്തകര്‍ക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും മഅ്ദിന്‍ കുടുംബാംഗങ്ങളും സ്വീകരണം നല്‍കി.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ പി.പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍, എസ്.വൈ.എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എഞ്ചിനിയര്‍ അഹ്മദ് അലി, എസ്.എസ്.എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് ടിപ്പു സുല്‍ത്വാന്‍ അദനി എന്നിവര്‍ സംബന്ധിച്ചു.

മലപ്പുറത്ത് ഗതാഗത നിയന്ത്രണം

മലപ്പുറം: റമളാന്‍ 27-ാം രാവായ ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച് മേല്‍മുറി മലപ്പുറം ടൗണ്‍ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കുന്നതിന് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇത് വഴി കടന്ന് പോകേണ്ട വാഹനങ്ങള്‍ ഇന്ന് ഉച്ചക്ക് 3 മുതല്‍ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ വെള്ളുവമ്പ്രത്ത് നിന്നും മഞ്ചേരി വഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്നവ മഞ്ചേരി വെള്ളുവമ്പ്രം വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

പാര്‍ക്കിംഗ് ക്രമീകരണം

മലപ്പുറം: പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിശ്വാസികളുമായി കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേല്‍മുറി ആലത്തൂര്‍പടിയില്‍ ആളെ ഇറക്കി എജ്യുപാര്‍ക്ക് ഭാഗത്തും കോട്ടക്കല്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മച്ചിങ്ങലില്‍ ആളെ ഇറക്കി വാറങ്കോട്, കിഴക്കേത്തല, വലിയങ്ങാടി എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലും പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ ആളെ ഇറക്കി പരിസരത്തെ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

കെ.എസ്.ആര്‍.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി മലപ്പുറം സ്വലാത്ത്‌നഗറില്‍ കെ.എസ്.ആര്‍.ടി.സി ടി.ടി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ സര്‍വ്വീസുകള്‍കള്‍ക്ക് ഇന്ന് രാവിലെ 6 മുതല്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചതായി കെ.എസ്.ആര്‍.ടി.സി ക്ലസ്റ്റര്‍ ഓഫീസില്‍ നിന്നും അറിയിച്ചു.