രണ്ട് ഡോസ് വാക്സിൻ ഒരേസമയം കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ

Health Keralam News

തിരുവനന്തപുരം: കോവിഡ് രണ്ട് ഡോസ് വാക്സിനും ഒരേ സമയം യുവതിക്ക് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മണിയറയിലെ ഇരുപത്തഞ്ചു വയസുള്ള യുവതിക്കാണ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വെച്ച് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് നൽകിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് യുവതി ഇപ്പോൾ. ഇതുവരെ ആരോഗ്യപരമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.

ആദ്യത്തെ ഡോസ് വാക്സിൻ എടുക്കാൻ വന്ന യുവതിക്ക് രണ്ട് ഡോസ് ഒരുമിച്ചു നല്കുകയായിരുന്നു എന്നാണ് കുടുംബക്കാർ പരാതി പറയുന്നത്. എന്നാൽ വാക്സിൻ എടുത്തോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞതിനാലാണ് വീണ്ടും നൽകിയതെന്നാണ് വാക്സിനേഷൻ നൽകിയ ആരോഗ്യപ്രവർത്തകർ വിശദീകരിക്കുന്നത്. വിഷയത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞിട്ടുണ്ട്.