അടച്ചിട്ട ആറ് വീടുകള്‍ കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയില്‍

Crime Local News

മഞ്ചേരി: അടച്ചിട്ട ആറ് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. അരുകിഴായയില്‍ അടച്ചിട്ട ആറ് വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് വാടകക്ക് താമസിക്കുന്ന വയനാട് അമ്പലവയല്‍ പുതുക്കാട് കോളനിയിലെ വിജയന്‍ എന്ന കുട്ടിയെയാണ് (49) അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസില്‍ ചെര്‍പ്പുളശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. പിന്നീട് മഞ്ചേരിയിലെ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് അരുകിഴായയിലെ വീടുകളില്‍ എത്തിച്ച് തെളിവെടുത്തു. മോഷണ സമയത്ത് തന്നോടൊപ്പം കോയമ്പത്തൂര്‍ സ്വദേശിയായ രാജനും ഉണ്ടായിരുന്നെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ജയിലില്‍ നിന്നാണ് ഇയാളെ പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് വീടുകളില്‍ മോഷണം നടന്നത്.
ശിവക്ഷേത്രത്തിന് സമീപം പൂമങ്കലത്ത് ഉണ്ണികൃഷ്ണന്‍ നമ്പീശന്റെ വീട്ടില്‍ നിന്നും ഒരു പവന്‍ സ്വര്‍ണവും 2000 രൂപയും കുറച്ച് 20ന്റെ നോട്ടുകളും നഷ്ടമായിരുന്നു. യു.സി. ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, ശിവപ്രസാദ്, മോഹനന്‍, മീമ്പാട്ട് സരസ്വതി, എറിയാട്ടുവീട്ടില്‍ വിജയകുമാര്‍ എന്നിവരുടെ വീടുകളിലും മോഷണം നടന്നു. വീടിന്റെ പൂട്ടുകള്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് സംഘം അകത്തുകയറിയത്. വീടുകളിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഇവിടെ നിന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടമായിരുന്നില്ല. വിജയകുമാറിന്റെ വീട്ടിലെ സി.സി.ടി.വി. ഇവര്‍ ഓഫാക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വയനാട്, നിലമ്പൂര്‍ തുടങ്ങി വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 20 ഓളം മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി