വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയതായി ആഷിക് അബു

Entertainment Keralam News

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയിൽ നിന്നും പിന്മാറിയതായി ആഷിക് അബു. ഈ സിനിമ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നിർമ്മാതാവുമായി ഉണ്ടായ വഴക്കാണ് സിനിമ ഉപേക്ഷിച്ചതിന് കാരണമായി സംവിധായകൻ ആഷിക് അബു പറഞ്ഞത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഈ സിനിമയുടെ പ്രഖ്യാപനം നസന്നത്. മലബാർ കലാപം നടന്ന് നൂറാം വാർഷികത്തിന് ചിത്രീകരണം തുടങ്ങുമെന്നായിരുന്നു അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ അതിനു ശേഷം മറ്റു അപ്ഡേറ്റുകളൊന്നും ഉണ്ടായിട്ടില്ലായിരുന്നു. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവരും ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക്ക് അബുവും ചേർന്ന് നിർമ്മിക്കുമെന്നായിരുന്നു സിനിമയുടെ പ്രഖ്യാപന പോസ്റ്ററിൽ കൊടുത്തിരുന്നത്. സിനിമ പ്രഖ്യാപിച്ചതിനു ശേഷം തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ്, തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ രാഷ്ട്രീയം വിമര്ശനമായതിന്റെ പേരിൽ സിനിമയിൽ നിന്നും പിന്മാറിയിരുന്നു.

സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം ആഷിക് അബുവിനും നായകനാവാനിരുന്ന പൃഥ്വിരാജിനും എതിരെ വലിയ സൈബര്‍ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനു ശേഷം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രധാന കഥാപാത്രമാക്കി അലി അക്ബറിന്‍റെ ‘1921 പുഴ മുതല്‍ പുഴ വരെ’ , പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നീ ചിത്രങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇവയിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.