മുജാഹിദ് സംസ്ഥാന സമ്മേളനം:ഖുർആൻ പഠന സീരീസിന്പ്രൗഢമായ തുടക്കം

Keralam Local News Religion

കരിപ്പൂർ (വെളിച്ചം നഗർ) : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതൽ 18 വരെ കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഖുർആൻ പഠന പരമ്പരക്ക് പ്രൗഢമായ തുടക്കം.
സമ്മേളനത്തിന് കാതോർത്ത് ആവേശഭരിതരായ പ്രവർത്തകർ പല ഭാഗങ്ങളിൽ നിന്നായെത്തിയതോടെ പ്രഭാഷണ വേദിയും പരിസരവും ജനനിബിഢമായി.
ഒട്ടേറെ സ്ത്രീകളും പരിപാടിക്കെത്തിയിരുന്നു.

കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിൻ്റെ വിശ്വമാനവിക സന്ദേശം ഉൾകൊള്ളാനായാൽ ആധുനിക ലോകം അഭിമുഖീകരിക്കുന്ന കാലുഷ്യങ്ങൾക്കും വിഭാഗീയതക്കും സംഘർഷങ്ങൾക്കും പരിഹാരമാകുമെന്ന് സി.പി. ഉമർ സുല്ലമി പറഞ്ഞു. ഇതര വിശ്വാസികളുടെ ആരാധനാലയങ്ങൾ കയ്യേറുന്നതും ആരാധനകൾക്ക് തടസ്സം സൃഷ്ടിക്കുന്നതും അംഗീകരിക്കാവതല്ലെന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ദമായി വ്യക്തമാക്കുന്നു. വിശ്വാസത്തിൻ്റെ പേരിൽ മനുഷ്യർ തമ്മിൽ കൊലവിളി നടത്തുന്നതിനെ മതവിരുദ്ധമായി ഖുർ ആൻ വിവക്ഷിക്കുന്നു. മതത്തിൽ ബലാൽക്കാരമില്ലെന്നും ഇതര വിശ്വാസികളുടെ ആരാധ്യ വസ്തുക്കളെയും ആരാധനാലയങ്ങളെയും അധിക്ഷേപിക്കരുതെന്നും അപഹസിക്കരുതെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന വിശുദ്ധ ഖൂർആനിൻ്റെ സന്ദേശം ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും സി.പി. ഉമർ സുല്ലമി പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവസംസ്ഥാന ഉപാധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു.ട്രഷറർ എം.അഹമദ് കുട്ടി മദനി മുഖ്യഭാഷണം നടത്തി, ഡോ:ജാബിർ അമാനി, അമീർ സ്വലാഹി, ഹാരിസ് തൃക്കളയൂർ, നൗഷാദ് കാക്കവയൽ , നവാലു റഹ്മാൻ ഫാറൂഖി പ്രഭാഷണം നടത്തി. ഖുർആൻ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന് (05/02/24) കെ.അബ്ദുറഷീദ് ഉഗ്രപ്പുരം, അൻസാർ ഒതായി, സി.പി അബ്ദുസ്സമദ്, ബഷീർ മദനി പുളിക്കൽ, അലി മദനി മൊറയൂർ, ശാക്കിർ ബാബു കുനിയിൽ പ്രഭാഷണം നടത്തും.
ഇന്ന് കാലത്ത് 8.30-ന് മഞ്ചേരിയിൽ നിന്ന് യാത്ര തിരിച്ച മുജാഹിദ് സമ്മേളന വിളംബര പദയാത്രയും കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ബൈക്ക് റാലിയും വൈകീട്ട് 5.30-ന് സമ്മേളന നഗരിയിൽ സമാപിച്ചു.