നാട് കടത്തിയവർ വീണ്ടും മലപ്പുറത്ത്; പ്രതികൾ അറസ്റ്റിൽ..

Keralam Local News

വണ്ടൂര്‍: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന രണ്ട് പ്രതികള്‍ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകത്തിയ പ്രതിയുമായ മമ്പാട് പുളിക്കലോടി സ്വദേശി പളളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണി (62) വണ്ടൂരില്‍ വെച്ചും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മുതോടന്‍ വീട്ടില്‍ മഷൂദ്(26) പെരിന്തല്‍മണ്ണയില്‍ വെച്ചുമാണ് പോലീസിന്‍റെ പിടിയിലായത്.

നവംബര്‍ 23നാണ് മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ കാപ്പനിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തിയത്. മോഷണ കേസ്സിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്കെതിരെ നിലമ്പൂർ, എടവണ്ണ പോലിസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ്സുകളും നിലവിലുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മഷൂദിനെ കഴിഞ്ഞ 22നാണ് കാപ്പനിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തിയത്. പ്രതിക്കെതിരെ കരുവാരകുണ്ട് സ്റ്റേഷനില്‍ ആറോളം കേസുകളും എറണാകുളം, കാളികാവ് സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

പ്രവേശന വിലക്ക് ലംഘിച്ച പ്രതികള്‍ ജില്ലയിൽ പ്രവേശിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ സുജിത് ദാസ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മമ്പാട് പുളിക്കലോടി സ്വദേശി മുഹമ്മദ് കുട്ടിയെ
വണ്ടൂർ പോലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം വണ്ടൂരില്‍ വെച്ചും, കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മഷൂദിനെ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം പെരിന്തല്‍മണ്ണയില്‍ വെച്ചും പിടികൂടിയത്.

രണ്ടായിരത്തി ഏഴി ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം ഒരു വർഷത്തേക്കാണ് ഇരു പ്രതികളെയും ജില്ലയിൽ പ്രവേശിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കും.