ദുബായിലെ സുഖനിദ്രയും ബക്കറ്റിലെ ഓളവും

Keralam Writers Blog

നൗഷാദ് മണ്ണിശ്ശേരി

കേരളമുഖ്യന്‍ പിണറായി വിജയന്റെ ദുബായിലെ സന്ദര്‍ശനം എന്തോ ചില ഓളമുണ്ടാക്കി എന്ന തരത്തിലുള്ള ചില പോസ്റ്റുകള്‍ കണ്ടു. ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജീവിക്കുന്ന ദുബായില്‍ ഏതൊരു മലയാളി നേതാവ് ചെന്നാലും ഉണ്ടാകുന്നതിനപ്പുറത്തുള്ള എന്ത് ഓളമാണ് പിണറായിയുടെ അമേരിക്കയിലെ ചികിത്സ കഴിഞ്ഞുള്ള സന്ദര്‍ശന വേളയില്‍ ദുബായില്‍ ഉണ്ടായത്

നമ്മുടെ ചില ആളുകള്‍ തന്നെ വലിയ ഓളവും കോളുമുണ്ടായി എന്ന് പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്. 2001ല്‍ എം.എം ഹസന്‍ സംസ്ഥാന മന്ത്രിയായിരിക്കുന്ന സമയത്ത് ദുബായ് സന്ദര്‍ശിക്കുകയും അവിടത്തെ ഭരണാധികാരി ശൈഖ് മുഹമ്മദുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വച്ച് ചര്‍ച്ച നടത്തുകയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ലോക മലയാളി സമ്മേളനം ദുബായില്‍ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ദുബായ് ഭരണാധികാരി വാഗ്ദാനം ചെയ്തതുമൊക്കെ ഓര്‍മ്മ വരികയാണിപ്പോള്‍. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി അവിടുത്തെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതും ആ വിഷയത്തില്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതും നമ്മുടെ മുമ്പിലുണ്ട്. വരേണ്യരായ കോര്‍പ്പറേറ്റുകളെ കാണുകയും അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുബായി ഭരണാധികാരികളോട് സംസാരിക്കുകയും ചെയ്ത പിണറായിയുടെ സന്ദര്‍ശനം ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് പറയുന്നതിനപ്പുറത്ത് എന്തോന്ന് ഓളമാണ് സൃഷ്ടിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഇത്തരത്തിലുള്ള പളങ്കൂസ് പിണറായി ഭക്തിക്ക് കാരണമെന്താണാവോ ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഷാര്‍ജ ഭരണാധികാരിയെ കേരളത്തില്‍ കൊണ്ടുവന്ന് ഊട്ടി ഉറക്കിച്ച് ഒരാഴ്ച താമസിപ്പിച്ച് പറഞ്ഞയച്ചപ്പോള്‍ അന്ന് പറഞ്ഞത് ഷാര്‍ജ ജയിലില്‍ കിടക്കുന്ന മലയാളികളുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും ഇടപെടലുകളുമാണെന്നാണ്. പിന്നീടാണറിഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുടെ മകനുണ്ടാക്കിയ അവിഹിത ഇടപാടുകള്‍ തീര്‍ക്കാനുള്ള നയതന്ത്രജ്ഞത ആയിരുന്നു എന്ന്.

യുഎഇ കോണ്‍സുലേറ്റിലൂടെ സ്വര്‍ണ്ണവും കള്ളക്കടത്തും നടത്തിയതിന്റെ വിവാദങ്ങള്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ദുബായിലെ പിണറായി വിജയന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സന്ദര്‍ശനത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ നിന്ന് ഏത് നേതാവ് ചെന്നാലും ഉണ്ടാകുന്ന ഓളത്തിന്റെ ഏഴിലൊന്ന് പിണറായിയുടെ സന്ദര്‍ശനത്തിനുണ്ടായിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്നിരിക്കെ എന്തിനാണ് ഈ പിണറായി ഭക്തി.