കണ്ണൂരിൽ വൃദ്ധമാതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ

Crime Keralam News

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് മക്കൾ ഒളിവിലാണ്.

കഴിഞ്ഞ പതിനഞ്ചിന് മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.

തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോ‍‍ഡ് ചെയ്തത്.

രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.