ബാലികയെ ബലാല്‍സംഗം ചെയ്ത 42 കാരന് ജീവപര്യന്തം തടവിന് പുറമെ 68.5 വര്‍ഷം കഠിന തടവും പിഴയും

Breaking Crime Local News

മഞ്ചേരി : പട്ടികജാതിയില്‍ പെട്ടതും മാനസിക വെല്ലുവിളി നേരിടുന്നതുമായ 14കാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത 42കാരന് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജീവപര്യന്തം തടവിന് പുറമെ 68.5 വര്‍ഷം കഠിന തടവും 6,01,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് മൈത്ര തച്ചംപറമ്പ് അമ്പലത്തൊടി ബാബുവിനെയാണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.
2019 ഡിസംബര്‍ 28നാണ് കേസിന്നാസ്പദമായ സംഭവം. അമ്പതു ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന ബാലിക പ്രതിയുടെ മകളുടെ സഹപാഠി കൂടിയാണ്. സംഭവ ദിവസം കൂട്ടൂകാരിയെ തേടി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു അതിജീവിത. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന പ്രതി ബാലികയെ ബലമായി വീട്ടിലേക്ക് വലിച്ചു കൊണ്ടു പോയി ബാലാല്‍സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ കുട്ടി ആധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയും അരീക്കോട് പൊലീസ് കേസ്സെടുക്കുകയുമായിരുന്നു. സബ് ഇന്‍സ്‌പെക്ടറായിരുന്ന അമ്മദ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ പി കെ സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ തുടരന്വേഷണം നടത്തിയ കേസില്‍ ഡിവൈഎസ്പി പി സി ഹരിദാസനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. എ എസ് ഐമാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍മാര്‍.
എസ് സി എസ് ടി ആക്ടിലെ 3(2)വി വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവ് എന്നാണ് ശിക്ഷ. ഇതിനു പുറമെ ബലാല്‍സംഗം ചെയ്തതിനും പോക്‌സോ ആക്ടിലെ 5(കെ) പ്രകാരവും മുപ്പതു വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷയുണ്ട്. ഇരു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ശിക്ഷാ നിയമം 366 പ്രകാരം തട്ടിക്കൊണ്ടു പോയതിന് അഞ്ച് വര്‍ഷം കഠിന തടവും പോക്‌സോ വകുപ്പിലെ 7 പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷയുണ്ട്. ഇരുവകുപ്പുകളിലും അര ലക്ഷം രൂപ പിഴയക്കാനും അല്ലാത്ത പക്ഷം രണ്ടു മാസം വീതം അധിത തടവ് അനുഭവിക്കാനും കോടതി വിധിച്ചു. എസ് സി എസ് ടി ആക്ടിലെ 3(1) വകുപ്പ് പ്രകാരം ആറു മാസത്തെ തടവും 1000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവും ശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി