ഗോവയിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം

India News

കേരളത്തിൽ നിന്നും ഗോവയിലേക്ക് വരുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഗോവ സർക്കാരിൻ്റെ നിർദ്ദേശങ്ങൾ. കോവിഡ് മാനദണ്ഡങ്ങളുടെ കാര്യത്തിലാണ് ഗോവ സർക്കാരിൻ്റെ നിർദ്ദേശങ്ങൾ ഉള്ളത്. ഇനി മുതൽ കേരളത്തിൽ നിന്നും ഗോവയിലേക്ക് വരുന്നവർ അഞ്ചു ദിവസം നിർബന്ധിത ക്വാറൻ്റൈനിൽ പോകേണ്ടി വരും. കൂടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

വിനോദ സഞ്ചാരികൾ അടക്കം എല്ലാവരും ക്വാറന്‍റൈന്‍ പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാർഥികളും ജോലിക്കാരും നിയന്ത്രണത്തിൽ നിന്ന് മുക്തരല്ല. കേരളത്തിലും ഇതര അയൽ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വിദ്യാര്‍ഥികളുടെ ക്വാറന്‍റൈന്‍ സൗകര്യങ്ങൾ സ്കൂൾ കോളേജ് അധികൃതരും
ജോലിക്കാര്‍ക്ക് അവരുടെ ജോലി സ്ഥാപനങ്ങളും ആണ് ക്വാറൻ്റൈൻ സൗകര്യം ക്രമീകരിച്ചു കൊടുക്കേണ്ടത്. അഞ്ച് ദിവസത്തെ ക്വാറൻ്റൈനും ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ആയ റിപ്പോർട്ടും സമർപ്പിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഹോം ക്വാറൻ്റൈൻ വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, മരണം, അടിയന്തര ചികിത്സ ആവശ്യാർത്ഥം യാത്ര നടത്തുന്നവർ തുടങ്ങിയവരെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗോവയിൽ നിലവിലുള്ള സംസ്ഥാന വ്യാപകമായ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. മെയ് 9 മുതൽ ഗോവയിൽ കര്‍ഫ്യൂ തുടർന്നുകൊണ്ടിരിക്കുകയാണ്