10 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ

Crime Keralam Local News

മഞ്ചേരി : മഞ്ചേരി കേന്ദ്രീകരിച്ച് വിൽപ്പനക്ക് എത്തിച്ച എം ഡി എം എ യുമായി രണ്ടു പേർ പിടിയിലായി. മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മടത്തിൽ ഹാഷിം (25), കോട്ടക്കൽ പുത്തൂർ അരിച്ചോൾ സ്വദേശി പതിയിൽ മുഹമ്മദ് മുബഷീർ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ മേലാക്കത്തു വച്ചാണ് ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ . കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നിന്നും എം ഡി എം എ കടത്തുന്നതിനിടെ വയനാട് മുത്തങ്ങയിൽവച്ച് ഹാഷിം ഉൾപ്പെട്ട 4 അംഗ സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ 10 ദിവസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിൽ മലപ്പുറം സ്റ്റേഷനിൽ കളവു കേസും നിലവിൽ ഉണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പക്ടർ ബിനീഷ് മഞ്ചേരി എസ് ഐ ബസന്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് ടീമും മഞ്ചേരി പോലീസും ചേർന്നാണ് പ്രതികളെ പിടി കൂടി അന്വേഷണം നടത്തുന്നത്.