കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Keralam News

കാസര്‍കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയി മംഗലാപുരത്ത്‌ ചികിത്സയിൽ ആയിരുന്നു.

കാട്ടുപന്നികൾ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായതോടെ കേന്ദ്രസർക്കാരിനെ വിവരമറിയിച്ചിരുന്നു . എന്നാല്‍ കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയില്‍ വ്യക്തമാക്കിയിരുന്നു. താൽക്കാലികമായെങ്കിലും കുറഞ്ഞത് രണ്ട് വർഷത്തേക്ക് കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്.