രാജ്യാധികാരം താലിബാൻ വിട്ടുകൊടുക്കാനൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍

International News

കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ക്കു മുന്നിൽ മുട്ടുമടക്കി അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്റെ അധികാരം കൈമാറാൻ തയ്യാറാണെന്ന് താലിബാനോട് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റായ അഷ്‌റഫ് ഗനി എത്രയും പെട്ടെന്ന് രാജി വെച്ച് താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രധാന നഗരങ്ങളും താലിബാന്‍ കീഴടക്കിയിരുന്നു. ഇതിനു അവസാനം എന്ന രീതിയിലാണ് തലസ്ഥാനമായ കാബൂള്‍ ആക്രമിക്കാനൊരുങ്ങിയത്. നഗരത്തിലെ അതിർത്തികൾ കയ്യടക്കിയ താലിബാൻ ജനക്കൂട്ടമുള്ള ഒരിടത്ത് യുദ്ധം ചെയ്യാൻ താത്പര്യമില്ലെന്നും അതിനാൽ അഫ്ഗാന്‍ സൈന്യം പിന്മാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ജനങ്ങളോട് പലായനം ചെയ്യേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. ജലാലാബാദ്, മസാരേ ശരീഫ് തുടങ്ങിയ നഗരങ്ങൾ നിയന്ത്രണത്തിലാക്കിയ താലിബാന്‍ കാബൂളിലേക്കുള്ള വഴികളും കൈയ്യടക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആക്രമണത്തിനൊരുങ്ങാതെ പലയിടങ്ങളിലും അഫ്ഗാന്‍ സൈന്യം പിന്മാറി.

തങ്ങളുടെ പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നത് വരെ കാബൂളിലേക്ക് കടക്കരുതെന്ന് താലിബാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലായി അമേരിക്കയും ബ്രിട്ടനും അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടന്നാൽ വലിയ തിരിച്ചടികൾ ഉണ്ടാവുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു.

ആക്രമണത്തിന് മുതിരാതെ അഫ്ഗാന്‍ സൈന്യം പിന്മാറിയതിനാൽ ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങളും താലിബാൻ കീഴടക്കിയിട്ടുണ്ട്. കാബൂളിന് ചുറ്റുമായി വെടിയൊച്ചകൾ കേൾക്കുന്നുണ്ട്. പക്ഷെ തലസ്ഥാനം ഇപ്പോഴും നിയന്ത്രിക്കുന്നത് അഫ്ഗാന്‍ സൈന്യമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.