മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിൽ കേസുകൾ മുടങ്ങി; മിന്നൽ പരിശോധനയുമായി ആരോഗ്യ മന്ത്രി

Health Keralam News

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ അടിയന്തിര സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിൽ കാത്ത് ലാബിൽ കേസുകൾ അടക്കം മുടങ്ങിയെന്ന വാർത്തയെ തുടർന്നാണ് ഇന്ന് രാവിലെ ആരോഗ്യമന്ത്രി ലാബിൽ മിന്നൽ സന്ദർശനം നടത്തിയത്. നിലവിൽ എമര്‍ജന്‍സി കേസുകള്‍ അടക്കം മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും, അടിയന്തര ശസ്ത്രക്രിയകള്‍ ഇതുവരെ മുടങ്ങിയിട്ടില്ലെന്നും ആരോഗ്യമന്ത്രി സന്ദർശനത്തിന് ശേഷം അറിയിച്ചു.

ലാബിൽ പ്രൊസീജിയറിന് വേണ്ട സ്‌റ്റെന്റുകളും ഗൈഡ് വയറും ബലൂണും പരമാവധി ഉറപ്പു വരുത്തിയ മന്ത്രി നിലവിലുള്ള സ്റ്റോക്കുകൾ പരിശോധിക്കുകയും ചെയ്തു. ആവശ്യമായ സാധനങ്ങളുടെ വിതരണം മുടങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുവാനുള്ള നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്നലെ മെഡിക്കല്‍ കോളേജ് അധികൃതരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ ജോയന്റ് ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.