രണ്ടാഴ്ച കാത്തിരിക്കാന്‍ നിര്‍ദേശം; പാര്‍ട്ടിയില്‍ പൂര്‍ണ പ്രതീക്ഷയെന്ന്ആഷിഖ ഖാനം

News Politics

തന്നെ അധിക്ഷേപിച്ച എം.എസ്.എഫ് ജില്ലാ പ്രസിഡന്റിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്ന ആഷിഖ ഖാനത്തോട് പരസ്യപ്രതികരണം നടത്തരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ രണ്ടാഴ്ച്ച കാത്തിരിക്കണമെന്നും നടപടിയുണ്ടാകുമെന്നും നേതൃത്വം ഹരിതാ നേതാവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ആഷിഖ ഖാനത്തേയും കുടുംബത്തേയും അറിയിച്ചു. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അതുവരെ പരസ്യപ്രതികരണം പാടില്ലെന്നും നിര്‍ദേശമുണ്ടെന്നും ആഷിഖ ഖാനം മറുപുറം കേരളയോട് പറഞ്ഞു. തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണപ്രതീക്ഷയുണ്ടെന്നും അതു കൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും ആയിഷ ഖാനം പറഞ്ഞു.
ആഷിഖ ഖാനത്തെ കബീര്‍ മുതുപറമ്പ് അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദരേഖ പ്രചരച്ചതോടെയാണ് ഗത്യന്തരമില്ലാതെ യുവതി ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണവുമായി രംഗത്തുവന്നത്. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ടായിരുന്നു.
രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായിരുന്നു ശബ്ദരേഖയില്‍ കബീര്‍ മുതുപറമ്പ് പറഞ്ഞത്. ഇതിനെതിരെയാണ് ആഷിഖ ഖാനം ആഞ്ഞടിച്ചത്. പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ടെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്നുമാണ് ആഷിഖ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് നിരവധി ഹരിത നേതാക്കള്‍ പിന്തുണയുമായി രംഗത്തു വരികയും ചെയ്തിരുന്നു.
അതേ സമയം തന്റെ പിതാവ് പാര്‍ട്ടി വിട്ടതായ പ്രചരണം തെറ്റാണെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കുടുംബമാണെന്നും ആശിഖ പറഞ്ഞു.