ചാലിയാറിൽ 2പേർ ഒഴുക്കില്‍പെട്ട് മരിച്ചു

Breaking Local News

കൊണ്ടോട്ടി: വാഴയൂര്‍ കാരാട് ചാലിയാര്‍ പുഴയിലെ പൊന്നേംപാടം മണക്കടവില്‍ ബന്ധുക്കളായ രണ്ടു പേര്‍ മുങ്ങി മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി പരേതനായ ഖാദറിന്റെ മകന്‍ ജൗഹര്‍ (38), സഹോദരന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചരയോടെ മറ്റു ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രണ്ടുപേരും. പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. മൂന്നു മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് കമ്മത്ത് ലൈന്‍ ഗോള്‍ഡിലെ ജീവനക്കാരനാണ് ജൗഹര്‍. ഭാര്യ: ജസ്‌ന. മക്കള്‍: മുഹമ്മദ് മിഷാല്‍, മിദ്‌ലാജ്. സഹോദരങ്ങള്‍: ജംഷാദ്, ജംഷീര്‍, ജൗഹറ. മാതാവ്: ആയിശ. കക്കോവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് നബ്ഹാന്‍. പിതാവ് :ജംഷാദ്. മാതാവ് : റംസീന. സഹോദരി: മിന്‍ഹ ഫാത്തിമ. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച കബറടക്കും.