പ്രണയവും മയക്കു മരുന്നും ഏതെങ്കിലുമൊരു മതത്തിന്റേതല്ല; മുഖ്യമന്ത്രി

Keralam News Religion

ഏതെങ്കിലും ഒരു മതത്തിന്റെ പേരിലേക്ക് മാറ്റേണ്ടതല്ല പ്രണയവും മയക്കു മരുന്നുമെന്ന് മുഖ്യമന്ത്രി. പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന വിവാദവും നിർഭാഗ്യകരവുമാണ്. ചില കേന്ദ്രങ്ങൾ വിവാദങ്ങൾ ഉണ്ടാക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിർബന്ധിത മതപരിവർത്തനം ചൂണ്ടികാണിച്ചുള്ള പരാതികൾ കിട്ടിയിട്ടില്ല. കോട്ടയത്തെ അഖില ഹാദിയയെന്ന പേരിലേക്ക് മാറിയത് നിർബന്ധിത മതപരിവർത്തനമാണെന്ന ആരോപണമുണ്ടെങ്കിലും അവർ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് മതം മാറിയത്. ക്രൈസ്‌തവ വിശ്വാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നെന്നത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പലരും വസ്തുതയെ അടിസ്ഥാനമാക്കിയല്ല കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. വിവാദങ്ങൾ ഉണ്ടാക്കി നേട്ടം കൊയ്യാമെന്നുള്ളത് വ്യാമോഹമാണ്. കേരളത്തിൽ ഇപ്പോഴുള്ള മയക്കുമരുന്ന് കേസുകളിലെയും മതപരിവർത്തന കേസുകളിലെയും പ്രതികളുടെ വിവരങ്ങൾ നോക്കിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് അതിൽ വലിയ പങ്കില്ലെന്ന് മനസിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019 വരെ ഐഎസിൽ ഭാഗമായ 100 മലയാളികളെ നോക്കിയാൽ 72 പേരും തൊഴിലിനായി വിദേശത്തെത്തി ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായവരാണ്. 28 ആളുകൾ മാത്രമേ കേരളത്തിൽ നിന്നും ഐഎസിലേക്ക് പോയിട്ടുള്ളൂ. ഈ ആളുകളിൽ തന്നെ അഞ്ചു ആളുകൾ മാത്രമേ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളൂ. ഇതുകൂടാതെ സ്‌പെഷ്യൽ ബ്രാഞ്ച് 2018 മുതൽ ആളുകളെ തെറ്റായ ചിന്തയിൽ നിന്നും മാറി ചിന്തിപ്പിക്കാനായി ഡീറാഡിക്കലൈസേഷൻ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

യഥാർത്ഥ കാര്യങ്ങൾ മനസിലാക്കികൊണ്ട് വേണം സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇടപെടലുകൾ നടത്താൻ. കലക്കവെള്ളത്തിൽ നിന്നും, വെള്ളം കലക്കിയും മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.