ജിഹാദ് വിവാദം; ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് വിജയരാഘവനും എകെ ബാലനും

Keralam News Politics

പാലക്കാട്: വർഗീയതയുടെ പേരിൽ ആളുകളെ ചേരിതിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കോൺഗ്രസും ഈ ശൈലി തന്നെ പിന്തുടരുകയാണെന്നും വിജയരാഘവൻ. ബിജെപി ചെയ്ത അതെ കാര്യങ്ങളാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും ജനങ്ങൾക്കിടയിൽ നല്ല ഐക്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിലാണ് എ.വിജയരാഘവൻ ബിജെപിയെയും കോൺ​ഗ്രസിനെയും വിമർശിച്ചത്.

ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ എ കെ ബാലനും പ്രതികരിച്ചിരുന്നു. ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളുമെല്ലാം അടഞ്ഞ അധ്യായമാണ്. വീണ്ടും ആ വിഷയം കുത്തിപ്പൊക്കി കൊണ്ടുവരുന്നവർക്ക് നിഗൂഢ ലക്ഷ്യങ്ങളുണ്ട്. പക്ഷെ ഇടത് സർക്കാരിന്റെ ഭരണത്തിനിടെ വർഗീയ കലാപവും നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളം കോൺഗ്രസിന്റെ മതനിരപേക്ഷത കണ്ടെതാണെന്നും പരിഹസിച്ചു.

ജിഹാദ് വിഷയത്തിൽ സർക്കാരിന്റെ നിലപാട് തെറ്റാണെന്നും, അവസ്ഥ കൂടുതൽ വഷളാകുമ്പോഴും സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. ദുരഭിമാനം മാറ്റിവെച്ച് സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണം. എരിതീയിൽ എണ്ണയൊഴിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും വി മുരളീധരനുൾപ്പെടെയുള്ള നേതാക്കൾ ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.